കെ പി ഒ റഹ്മത്തുല്ല
മലപ്പുറം: തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരേണ്ട മുസ്‌ലിംലീഗ് നേതൃയോഗം അനിശ്ചിതത്വത്തില്‍. യോഗത്തിന്റെ തീയതി തീരുമാനിക്കാന്‍ പോലും ഇതുവരെ നേതാക്കള്‍ക്ക് ആയിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് യോഗം ചേര്‍ന്ന ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് വോട്ടെണ്ണല്‍ ദിവസം കുഞ്ഞാലിക്കുട്ടി വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നാണ് നേതൃയോഗം എന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പോലും സാധിക്കുന്നില്ല.
ആദ്യം ഉന്നതാധികാര സമിതിയും പിന്നീട് തിരഞ്ഞെടുപ്പ് അവലോകനത്തിനായി വര്‍ക്കിംഗ് കമ്മിറ്റിയും ചേരെണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് നിയമസഭ പാര്‍ട്ടി നേതാവിനെയും ഉപ നേതാവിനെയും പാര്‍ട്ടി വിപ്പിനെയും തീരുമാനിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ ഒന്നും തന്നെ ഇതുവരെ നേതാക്കന്മാര്‍ക്കിടയില്‍ അഭിപ്രായസമന്വയം ഉണ്ടായിട്ടില്ല.
കൊവിഡിന്റെ പേര് പറഞ്ഞ് നേതൃയോഗവും വര്‍ക്കിംഗ് കമ്മിറ്റിയും നീട്ടിവെക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നതായി ഒരു വിഭാഗത്തിന് പരാതിയുമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതയും കുഞ്ഞാലികുട്ടിയുടെ രാജിയുമാണ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാകാന്‍ കാരണം എന്നാണ് നേതാക്കളും അണികളും വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അതി ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആണ് പ്രധാനമായും വിമര്‍ശനങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും പലരും പരാതി പറയുന്നുണ്ട്. പാര്‍ട്ടി പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ എല്ലാ കാര്യങ്ങളും കുഞ്ഞാലിക്കുട്ടിക്ക് വിട്ടു കൊടുത്തതാണ് പ്രധാനമായും പരാജയത്തിന് കാരണമെന്ന് വിലയിരുത്തലും പാര്‍ട്ടിയിലെ ചില നേതാക്കള്‍കുണ്ട്.
കുഞ്ഞാലിക്കുട്ടിയോട് വിയോജിപ്പുള്ള നേതാക്കള്‍ കോഴിക്കോട് സമാന്തര പാര്‍ട്ടി യോഗം ചേരുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്ന വിവരവും ഇതിനകം പുറത്തു വന്നിട്ടുണ്ട്. കെഎം ഷാജി, അഡ്വ. പി എം സാദിഖ് അലി എന്നിവരാണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നത് എന്നാണ് പറയപ്പെടുന്നത്. പി വി അബ്ദുല്‍ വഹാബിന്റയും എം കേ മുനീറിന്റെയും പിന്തുണ അവര്‍ക്ക് ഉള്ളതായി അറിയുന്നു. ന്യൂനപക്ഷ ക്രിസ്റ്റ്യന്‍ വോട്ടുകള്‍ കിട്ടാതിരുന്നതാണ് യുഡിഎഫിന്റെയും മുസ്‌ലിം ലീഗിനെയും പരാജയത്തിന് ആക്കം കൂട്ടിയത് എന്നാണ് ലീഗിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടായിട്ടും നേതൃയോഗത്തിന്റെ തീയതി പോലും തീരുമാനിക്കാന്‍ കഴിയാത്ത മുസ്‌ലിംലീഗിലെ നേതാക്കള്‍ക്കിടയില്‍ ഉള്ള അഭിപ്രായവ്യത്യാസം ആണ് കാണിക്കുന്നത് എന്ന് പറയുന്നു.
പാര്‍ട്ടിയുടെ പരാജയത്തിന് മുഴുവന്‍ ഭാരവും കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണമെന്നും അദ്ദേഹം സ്ഥാനമൊഴിയണം എന്നുമാണ് പാര്‍ട്ടി അണികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. മന്ത്രിസ്ഥാനം മോഹിച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറായത് പാര്‍ട്ടിക്കകത്ത് ക്ഷീണം ഉണ്ടാക്കി എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതിനാല്‍ ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത വോട്ട് ചോര്‍ച്ച ഉണ്ടായി എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സമദാനിക്ക് ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് മുസ്‌ലിംലീഗിനെ ഭൂരിപക്ഷം പേരിനെങ്കിലും വിധിച്ചിട്ടുള്ളത്. വിജയിച്ച മറ്റ് മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തില്‍ വളരെയേറെ കുറവുണ്ടായിട്ടുണ്ട്.
പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നടത്തരുതെന്ന പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ അഭ്യര്‍ത്ഥന പോലും അണികള്‍ കേള്‍ക്കുന്നില്ല എന്നതാണ് സത്യം. കുഞ്ഞാലിക്കുട്ടിക്കും നേതാക്കള്‍ക്കുമെതിരേയുള്ള വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുകയാണ്.