ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്

എല്‍ഡിഎഫിലെ ജോസ് കെ മാണിക്ക് 69 വോട്ടും യുഡിഎഫിലെ ഡോ. ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു

Update: 2021-11-29 13:04 GMT

തിരുവനന്തപുരം: ഒഴിവുള്ള രാജ്യസഭ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജോസ് കെ മാണി വിജയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണിക്ക് 69 വോട്ട് ലഭിച്ചു. യുഡിഎഫിലെ ഡോ. ശൂരനാട് രാജശേഖരന് 40 വോട്ടാണ് ലഭിച്ചത്. അനാരോഗ്യത്തെ തുടര്‍ന്ന് 3 പേര്‍ വോട്ട് ചെയ്തില്ല. 137 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. എല്‍ഡിഎഫിന്റെ ഒര് വോട്ട് അസാധുവായി.

നിയമസഭാ മന്ദിരത്തില്‍ രാവിലെ 9 നാണ് വോട്ടെടുപ്പ് തുടങ്ങിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രാവിലെ വോട്ട് രേഖപ്പെടുത്തി. നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ ജയം ഉറപ്പായിരുന്നു. രാഷ്ട്രീയമത്സരം കാഴ്ചവെക്കുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് ശൂരനാട് രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

യുഡിഎഫിലായിരിക്കെയാണ് രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് ലഭിച്ചത്. പിന്നീട് കേരള കോണ്‍ഗ്രസ് മുന്നണി മാറിയതിന് പിന്നാലെ ജോസ് പാലായില്‍ മത്സരിക്കാന്‍ എംപി സ്ഥാനം രാജിവെക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാലയില്‍ മത്സരിച്ചെങ്കിലും, ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനോട് പരാജയപ്പെടുകയായിരുന്നു.

Tags:    

Similar News