ജോസ് കെ മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍

Update: 2022-10-09 11:05 GMT

കോട്ടയം: ജോസ് കെ മാണിയെ വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തിരഞ്ഞെടുത്തു. തോമസ് ചാഴിക്കാടന്‍, ഡോ.എന്‍ ജയരാജ്, പി കെ സജീവ്, എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. എന്‍ എം രാജുവിനെ ട്രഷററായും തിരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായും യോഗം തിരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. കോട്ടയത്ത് നടന്ന പാര്‍ട്ടി ജന്‍മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

15 ജനറല്‍ സെക്രട്ടറിമാര്‍, 23 ഉന്നതാധികാര സമിതി അംഗങ്ങള്‍, 91 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, 131 സെക്രട്ടേറിയറ്റ് അംഗങ്ങള്‍, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും യോഗത്തില്‍ തിരഞ്ഞെടുത്തു. 2013 മുതല്‍ വൈസ് ചെയര്‍മാനായ ജോസ് കെ മാണി 2020ലാണ് ആദ്യമായി പാര്‍ട്ടി ചെയര്‍മാനാവുന്നത്.

2021 നവംബര്‍ 28 മുതല്‍ രാജ്യസഭാംഗവുമായി തുടരുന്ന ജോസ് കെ മാണിയും കേരള കോണ്‍ഗ്രസ് എമ്മും ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. 40 വര്‍ഷത്തോളം യുഡിഎഫ് ഘടകകക്ഷി ആയിരുന്നു കേരള കോണ്‍ഗ്രസ് എം. യുഡിഎഫില്‍ ഘടകകക്ഷി ആയിരുന്നപ്പോള്‍ 2009 മുതല്‍ 2018 വരെ ലോക്‌സഭയിലും 2018 മുതല്‍ 2021 വരെ രാജ്യസഭയിലും ഇദ്ദേഹം അംഗമായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ കേരള യൂത്ത് ഫ്രണ്ട് (എം) ലൂടെയാണ് 1999ല്‍ ഇദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2009ലും 2014ലും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോട്ടയം സീറ്റില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് 2021 ജനുവരി 09ന് രാജ്യസഭ അംഗത്വം രാജിവച്ചെങ്കിലും 2021 നവംബറില്‍ ജോസ് കെ മാണിയെ എല്‍ഡിഎഫ് പ്രതിനിധിയായി വീണ്ടും രാജ്യസഭയിലെത്തി.

Tags:    

Similar News