സിപിഐയുമായി പ്രശ്‌നമില്ല; ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം- ജോസ് കെ മാണി

Update: 2021-04-18 09:28 GMT

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ സിപിഐയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നെന്ന വാര്‍ത്ത വ്യാജമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഈ വാര്‍ത്തയ്ക്ക് പിന്നിലെന്നും ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചെന്ന വിലയിരുത്തലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ കോണ്‍ഗ്രസ് (എം) മല്‍സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയുണ്ടായി. സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നാണ് സ്റ്റിയറിങ് കമ്മിറ്റി വിലയിരുത്തിയത്. ഇതിന് വിപരീതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളാ കോണ്‍ഗ്രസ്- എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ റാന്നിയിലെ സിപിഐയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിമര്‍ശനമുന്നയിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് റാന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പ്രമോദ് നാരായണനും പ്രതികരിച്ചു.

സിപിഐ ഉള്‍പ്പടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികളുടെ പ്രവര്‍ത്തത്തെ അഭിനന്ദിച്ചാണ് യോഗത്തില്‍ സ്ഥാനാര്‍ഥിയെന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തിയെന്നായിരുന്നു വാര്‍ത്തകള്‍ ഉയര്‍ന്നത്. പാലാ, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാനസാഹചര്യം തന്നെയുണ്ടായതായും വിമര്‍ശനമുയര്‍ന്നു.

Tags:    

Similar News