ഉത്രയുടെ ആഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍; സൂരജിന്റെ പിതാവും അറസ്റ്റില്‍
വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ രണ്ടിടങ്ങളിലായി മണ്ണില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ സുരേന്ദ്രന്‍ കാണിച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യംചെയ്യലില്‍ കാര്യങ്ങള്‍ പിതാവിനും അറിയാമെന്ന രീതിയില്‍ സൂരജ് മൊഴിനല്‍കിയിരുന്നു.
കൊല്ലം: അഞ്ചലില്‍ ഏറം സ്വദേശിനി ഉത്ര പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് സൂരജിന്റെ പിതാവും അറസ്റ്റിലായി. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് സൂരജിന്റെ വീട്ടില്‍ രാത്രിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടെ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. ഇതോടെ കേസില്‍ സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്യുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് ക്രൈംബ്രാഞ്ച് സംഘം സൂരജിന്റെ വീട്ടിലെത്തിയത്.
സമീപപ്രദേശങ്ങളിലടക്കം തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ രണ്ടിടങ്ങളിലായി മണ്ണില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ സുരേന്ദ്രന്‍ കാണിച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യംചെയ്യലില്‍ കാര്യങ്ങള്‍ പിതാവിനും അറിയാമെന്ന രീതിയില്‍ സൂരജ് മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയില്‍ കൊണ്ടുപോയി വിശദമായും ചോദ്യംചെയ്തു. അതിന് ശേഷമാണ് രാത്രി വൈകി വീട്ടിലെത്തിച്ചേര്‍ന്നത്. 37.5 പവന്‍ സൂരജിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയതായാണ് വിവരം.
സ്വര്‍ണം എത്രയുണ്ടെന്നും ഇതിന്റെ മൂല്യം തിട്ടപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളടക്കം പുരോഗമിക്കുകയാണ്. കൊലപാതകത്തിന് മുമ്പ് ലോക്കറില്‍നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് പോലിസ് സംശയിക്കുന്നത്. കേസില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക്, റവന്യൂ സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പമുണ്ട്. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയര്‍കെയ്‌സ്, ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പിന്‍വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി.
സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍നിന്നും വിശദാംശങ്ങള്‍ തേടിയിരുന്നു. അടൂരിലെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്നുപരിശോധിച്ചിരുന്നു. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യംചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വര്‍ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.