കൊണ്ടോട്ടിയൊരുങ്ങി; ഇഖ്‌റ സൂഫി ഫെസ്റ്റ് 16 മുതല്‍

രാജസ്ഥാനില്‍ നിന്നുള്ള മുക്തിയാര്‍ അലിയുടെ സൂഫി സംഗീതം, അയര്‍ലന്റില്‍ നിന്നുള്ള ജോണ്‍ നെല്‍സന്റെ ഐറിഷ് ഫോക്ക്, ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം, മഹാകവി മോയിന്‍കുട്ടി വൈദ്യരെ കുറിച്ച് ഹുസൈന്‍ രണ്ടത്താണിയുടെ പ്രഭാഷണം, പത്മശ്രീ പെരുവനം കുട്ടന്‍മാരാറുടെ തായമ്പക എന്നിവയാണ് മേളയിലെ പ്രധാന പരിപാടികള്‍.

Update: 2019-11-14 13:04 GMT

കോഴിക്കോട്: 16, 17 തിയ്യതികളിലായി തക്കിയ ഫൗണ്ടേഷന്‍ കള്‍ച്ചറല്‍ ആന്റ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഇഖ്‌റ കൊണ്ടോട്ടി സൂഫി ഫെസ്റ്റിനെ വരവേല്‍ക്കാന്‍ കൊണ്ടോട്ടി ഒരുങ്ങി. സംഗിതം, കല, കവിത, പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ പ്രദേശത്തിന്റെ സംസ്‌ക്കാരത്തെ കോര്‍ത്തിണക്കികൊണ്ടുള്ള ആഘോഷമാണ് ഫെസ്റ്റ്. പ്രമുഖ മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റും ശില്‍പ്പിയുമായ റിയാസ് കോമുവാണ് ഫെസ്റ്റിന്റെ ക്യൂറേറ്റര്‍.

പരമ്പരാഗത കരകൗശല വസ്തുക്കളുടെയും മലബാറിലെ ഭക്ഷണ പാനീയങ്ങളുടെയും വില്‍പ്പനയും പ്രദര്‍ശനവും ഉത്സവത്തിന്റെ ഭാഗമാകും. കലോത്തി തക്കിയ മുതല്‍ കൊണ്ടോട്ടി തക്കിയ വരെയുള്ള മുട്ടും വിളിയുമായുള്ള ഘോഷയാത്രയോടെയാണ് തുടക്കം.

തുടര്‍ന്ന് രാജസ്ഥാനില്‍ നിന്നുള്ള മുക്തിയാര്‍ അലിയുടെ സൂഫി സംഗീതം, അയര്‍ലന്റില്‍ നിന്നുള്ള ജോണ്‍ നെല്‍സന്റെ ഐറിഷ് ഫോക്ക്, ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം, മഹാകവി മോയിന്‍കുട്ടി വൈദ്യരെ കുറിച്ച് ഹുസൈന്‍ രണ്ടത്താണിയുടെ പ്രഭാഷണം, പത്മശ്രീ പെരുവനം കുട്ടന്‍മാരാറുടെ തായമ്പക എന്നിവയാണ് മേളയിലെ പ്രധാന പരിപാടികള്‍.

ചടങ്ങില്‍ രാഗ് റസാഖിന് തക്കിയ പുരസ്‌ക്കാരം 2019 സമ്മാനിക്കും. യാസിന്‍ ഇസ്മായില്‍ കോസാര്‍ തത്സമയ ഖുര്‍ആന്‍ പാരായണം നടത്തും. പ്രഫ. ഇല്യാസ്, ഹാഷിം, സി ഹംസ, റസൂല്‍പൂക്കുട്ടി, അനിത തമ്പി എന്നിവര്‍ പ്രഭാഷണം നടത്തും. ജിഗേഷ് കുമാറിന്റെ ശില്‍പ്പം ഇന്‍സ്റ്റലേഷന്‍, കെ ആര്‍ സുനില്‍ പൊന്നാനിയുടെ ഫോട്ടോഗ്രാഫി എക്‌സിബിഷന്‍, ഗ്രാഫിക് ആര്‍ട്ട് അനിത ടി കെ വരച്ച പെയിന്റിംഗ് എന്നിവ മേളയുടെ ഭാഗമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ക്യൂറേറ്റര്‍ റിയാസ് കോമു, സംഘാടക സമിതി ചെയര്‍മാന്‍ യൂസഫ് കമാല്‍ എരഞ്ഞിക്കല്‍, ട്രഷറര്‍ ആനക്കഞ്ചേരി മൂസ, ഷാനവാസ് പി പി, ഷാജിത ആട്ടാശ്ശേരി, ജാറര്‍ അക്ഷര, റസാഖ് അക്ഷര എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News