കോന്നി മെഡിക്കൽ കോളജ് കൊവിഡ് സെന്ററാക്കി മാറ്റണം: എസ്ഡിപിഐ
ജനറൽ ആശുപത്രിയിലെ ഐസുലേഷൻ സംവിധാനം പരിമിധമാണ്. യഥാസമയം ഭക്ഷണം ലഭിക്കാതായതോടെ രോഗികൾ തന്നെ പ്രതിഷേധവുമായി രംഗത്തു വന്ന സാഹചര്യമുണ്ടായി.
പത്തനംതിട്ട: ജില്ലയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കോന്നി മെഡിക്കൽ കോളേജ് കോവിഡ് ചികിത്സ സെന്ററാക്കി മാറ്റണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത് ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കു പ്രകാരം ശനിയാഴ്ച്ച വരെ 114 രോഗികൾ ജനറൽ ആശുപത്രിയിൽ ഐസുലേഷനിലുണ്ട്. ജനറൽ ആശുപത്രിയിലെ ഐസുലേഷൻ സംവിധാനം പരിമിധമാണ്. യഥാസമയം ഭക്ഷണം ലഭിക്കാതായതോടെ രോഗികൾ തന്നെ പ്രതിഷേധവുമായി രംഗത്തു വന്ന സാഹചര്യമുണ്ടായി. നിസംഗത വെടിഞ്ഞ് യാഥാർത്ഥ്യബേധമുൾക്കൊള്ളാൻ അധികാരികൾ തയ്യാറാകണം.
പത്തനംതിട്ട ജനറൽ ആശുപത്രി കോവിഡ് ഐസുലേഷൻ സെൻ്റർ ആക്കി മാറ്റിയതോടെ ഇവിടെ മറ്റു ചികിൽസകളൊന്നും നടക്കുന്നില്ല. അത്യാഹിത രോഗികളെ പോലും കോട്ടയം മെഡിക്കൽ കോളജിലേക്കാണ് റഫർ ചെയ്യുന്നത്. ഇതുമൂലം വലിയ ബുദ്ധിമുട്ടനുഭവിക്കുകയാണ് സാധാരണ ജനങ്ങൾ. മറ്റൊരുവഴി ജില്ലയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുകയെന്നതാണ്. ഇതിലൂടെ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് സാധാരണ ജനങ്ങളെ കൊണ്ടെത്തിക്കുന്നത്. നഗരത്തിലെ പരിമിതമായ സാഹചര്യത്തിൽ കോവിഡ് രോഗികളെ പാർപ്പിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. കൂടാതെ കോവിഡ് ഇതര രോഗികൾക്ക് ജനറൽ ആശുപത്രിയിൽ ചികിൽസ തുടരാൻ കഴിയും.നിലവിലെ സ്ഥിതി സ്വകാര്യ ആശുപത്രി മാഫിയകളെ സഹായിക്കാൻ മാത്രമേ ഉപകരിക്കുവെന്നും അദ്ദേഹം പറഞ്ഞു.