ജോളിയുടെ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍: എംജി, കേരള സര്‍വകലാശാലകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തും

പ്രീഡിഗ്രി പാസായിട്ടില്ലെന്നു പോലിസ് കണ്ടെത്തിയ ജോളിയുടെ കൈയില്‍ എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം സര്‍ട്ടിഫിക്കറ്റുകളാണുള്ളത്.

Update: 2019-11-04 07:01 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ വീട്ടില്‍നിന്ന് വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തും. എംജി, കേരള സര്‍വകലാശാലകളില്‍ ഇന്ന് സംഘം പരിശോധനയ്‌ക്കെത്തും. പ്രീഡിഗ്രി പാസായിട്ടില്ലെന്നു പോലിസ് കണ്ടെത്തിയ ജോളിയുടെ കൈയില്‍ എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം സര്‍ട്ടിഫിക്കറ്റുകളാണുള്ളത്. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണ് കൂടത്തായിയിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ പോലിസ് കണ്ടെത്തിയത്.

എന്‍ഐടിയിലെ പ്രഫസറാണെന്ന അവകാശവാദത്തിന് ബലമേകാന്‍ ജോളി സംഘടിപ്പിച്ചതാണ് ഈ സര്‍ട്ടിഫിക്കറ്റുകളെന്നാണ് പോലിസ് കരുതുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പോലിസ് സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ജോളി ഇതിന് മുമ്പും വ്യാജരേഖ ചമച്ചിട്ടുണ്ടെന്ന് പോലിസിന് തെളിയിക്കാനാവും. അതേസമയം, ഇപ്പോള്‍ ജയിലിലുള്ള ജോളിയെ, മാത്യു മഞ്ചാടിയിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യും.

കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. കോടതി അനുവദിക്കുകയാണെങ്കില്‍ ഇന്നുതന്നെ ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പോലിസ്. ജോളിയുടെ കൈയക്ഷരവും ഒപ്പും താമരശ്ശേരി കോടതി ഇന്ന് രേഖപ്പെടുത്തും. വ്യാജ ഒസ്യത്ത് ഉള്‍പ്പടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. 

Tags:    

Similar News