കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെയും സക്കറിയയെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇത് മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയോടും വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജറാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലിസ് കസ്റ്റഡിയില്‍ ഉള്ള ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം ഇന്നു വീണ്ടും ചോദ്യം ചെയ്യലിന് വിധേയമാക്കും. പുലിക്കയത്തെ വീട്ടിലെത്തി ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാനായി പോലിസ് നോട്ടീസ് നല്‍കിയിരുന്നു. ഇത് മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയോടും വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജറാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലിസ് കസ്റ്റഡിയില്‍ ഉള്ള ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അറസ്റ്റിലാകുന്നതിന്റെ തൊട്ട് തലേ ദിവസം ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കണ്ടതായി അന്വേഷണ സംഘത്തിന് വിവരം കിട്ടി. ജോളിയുടെ സ്വദേശമായ കട്ടപ്പന, ജോളി വിദ്യാഭ്യാസത്തിനായി പോയ പാല എന്നിവിടങ്ങളില്‍ വിവരം ശേഖരിക്കാന്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്.
അതേസമയം, പൊന്നാമറ്റം വീട്ടില്‍ ഇന്ന് എസ്പി ഡോക്ടര്‍ ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസിലെ വിദഗ്ദ സംഘം പരിശോധനക്കെത്തും. വിരലടയാള വിദഗ്ദര്‍, വിഷ ശാസ്ത്ര വിദഗ്ദര്‍, ഫോറന്‍സിക് വിദഗ്ദര്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക.
അതേസമയം ജോളിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിലും മകന്റെ കടയിലും അന്വേഷണ സംഘം പരിശോധന നടത്തി. അറസ്റ്റിലാവും മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ ഇമ്പിച്ചിമൊയ്തീനെ ഏല്‍പ്പിച്ചിരുന്നതായി ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു ചെറിയ കുപ്പിയില്‍ സയനൈഡും ഇമ്പിച്ചി മൊയ്തീന് നല്‍കിയിരുന്നെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതെല്ലാം കണ്ടെത്താനാണ് പരിശോധന നടത്തിയത്.
അതേസമയം, കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനും റോയിയുടെ സഹോദരനുമായ റോജോ നാട്ടിലെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാലിന് യുഎസില്‍ നിന്ന് ദുബയി വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടില്‍ എത്തിയത്. തുടര്‍ന്ന് പോലിസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയം വൈക്കത്തെ വീട്ടില്‍ എത്തിച്ചു.