കൂടത്തായി കൊലപാതക പരമ്പര: പ്രതി ജോളിയുടെ ജാമ്യഹരജി ഹൈക്കോടതി തള്ളി
ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ പൊന്നാമറ്റം സിലി ഷാജുവിനെ കൊലപ്പെടുത്തിയ കേസില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഹരജിക്കാരി ആറു കൊലപാതകങ്ങളില്‍ പ്രതിയാണ്. ഇവര്‍ പ്രതിയായ കേസുകള്‍ അതീവ ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കൊച്ചി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ പൊന്നാമറ്റം സിലി ഷാജുവിനെ കൊലപ്പെടുത്തിയ കേസില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഹരജിക്കാരി ആറു കൊലപാതകങ്ങളില്‍ പ്രതിയാണ്. ഇവര്‍ പ്രതിയായ കേസുകള്‍ അതീവ ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നും കോടതി വിലയിരുത്തി.
സിലിയെ 2016 ജനുവരിയില്‍ താമരശേരിയിലെ ദന്താശുപത്രിയില്‍ വച്ച് മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. സയനൈഡ് കലക്കിയ വെള്ളവും ഇവര്‍ കുടിക്കാന്‍ നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്.കഴിഞ്ഞ ഒക്ടോബറിലാണ് ജോളിയെ കൊലപാതകക്കേസില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആദ്യഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ തോമസ്, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, സിലി, ഇവരുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസുകള്‍. ആറു കേസുകളിലും പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.