മോദി സ്തുതി: വിശദീകരണം കെപിസിസി അംഗീകരിച്ചു; തരൂരിനെതിരേ നടപടിയില്ല

തരൂരിനെതിരെ നടപടിയെടുത്ത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം നല്‍കേണ്ടെന്നാണ് കെപിസിസി തീരുമാനം. താന്‍ മോദിയെ ന്യായീകരിച്ചിട്ടില്ലെന്ന് നിലപാടില്‍ ഉറച്ചുകൊണ്ടുള്ള മറുപടിയാണ് തരൂര്‍ കെപിസിസിക്ക് നല്‍കിയത്.

Update: 2019-08-29 06:44 GMT

തിരുവനന്തപുരം: മോദിയെ പ്രശംസിച്ചെന്ന ആരോപണത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് കെപിസിസി തീരുമാനം. തരൂര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിവാദം അവസാനിപ്പിക്കാനും കെപിസിസി നിര്‍ദേശം നല്‍കി. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, വിശദീകരണം ആവശ്യപ്പെട്ടുള്ള മുല്ലപ്പള്ളിയുടെ നോട്ടീസ് ചോര്‍ന്നതില്‍ തരൂരിന് കടുത്ത അതൃപ്തിയുണ്ട്. തരൂരിനെതിരെ നടപടിയെടുത്ത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം നല്‍കേണ്ടെന്നാണ് കെപിസിസി തീരുമാനം. താന്‍ മോദിയെ ന്യായീകരിച്ചിട്ടില്ലെന്ന് നിലപാടില്‍ ഉറച്ചുകൊണ്ടുള്ള മറുപടിയാണ് തരൂര്‍ കെപിസിസിക്ക് നല്‍കിയത്. മോദി സര്‍ക്കാരിനെ ലോക്സഭയില്‍ താന്‍ എതിര്‍ത്തതിന്റെ പത്തുശതമാനം പോലും മറ്റ് കോണ്‍ഗ്രസ് എം.പിമാര്‍ എതിര്‍ത്തിട്ടില്ലെന്ന് കെ.മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ച് തരൂര്‍ പറഞ്ഞിരുന്നു.

17 ബില്ലുകളുടെ ചര്‍ച്ചയ്ക്കിടെ 50 തവണ താന്‍ ഇടപെട്ടതായും അത്രയും മികച്ച റെക്കോര്‍ഡ് മറ്റാര്‍ക്കെങ്കിലും ഉണ്ടോ എന്നും തരൂര്‍ ചോദിച്ചിരുന്നു. തരൂരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്ന കെ. മുരളീധരന്‍ എം.പി ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് തരൂര്‍ വരേണ്ടെന്നും പറഞ്ഞിരുന്നു. മോദി അനുകൂലരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ കഴിഞ്ഞദിവസം ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി നേതൃത്വം തരൂരിനോട് വിശദീകരണം ചോദിച്ചത്.

Tags:    

Similar News