പൗരത്വ പ്രതിഷേധങ്ങളെ മുസ്ലീങ്ങളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാൻ ബിജെപി ശ്രമം: പി ചിദംബരം

എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും തമ്മില്‍ ബന്ധമില്ലെന്ന ബിജെപിയുടെ വാദം അടിസ്ഥാനരഹിതമാണ്. ഇത് രണ്ടും സയാമീസ് ഇരട്ടകളാണ്.

Update: 2019-12-28 12:17 GMT

തിരുവനന്തപുരം: കരസേനാ മേധാവി ബിപിൻ റാവത്തിനെതിരെ വിമർശനവുമായി മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പിചിദംബരം. ബിപിൻ റാവത്ത് അതിര് കടക്കുന്നു. രാഷ്ട്രീയം നോക്കാന്‍ ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കറിയാം. രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട. അതിര്‍ത്തിയില്‍ എങ്ങനെ യുദ്ധം ചെയ്യണമെന്ന് പഠിപ്പിക്കാന്‍ തങ്ങളും വരില്ലെന്ന് പി ചിദംബരം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും തമ്മില്‍ ബന്ധമില്ലെന്ന ബിജെപിയുടെ വാദം അടിസ്ഥാനരഹിതമാണ്. ഇത് രണ്ടും സയാമീസ് ഇരട്ടകളാണ്. പൗരത്വത്തിന്‍റെ പേരിലുള്ള പ്രതിഷേധങ്ങളെ മുസ്ലീങ്ങളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് എല്ലാ ഇന്ത്യാക്കാരുടെയും പ്രശ്‌നമാണ്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ ഈ നിയമം സുപ്രീംകോടതി റദ്ദാക്കും എന്നുറപ്പാണ്. ഇത് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പോക്കാണ്. കോണ്‍ഗ്രസിന് ജീവനുള്ളിടത്തോളം കാലം ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കാനനുവദിക്കില്ലെന്നും ചിദംബരം പറഞ്ഞു. തിരുവനന്തപുരം പാളയം രക്ത സാക്ഷിമണ്ഡപത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നാണ് ചിദംബരം രാജ്ഭവനിലെത്തിയത്.

രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുഷ്പാർച്ചനയ്ക്ക് ശേഷമാണ് രാജ്ഭവനിലേക്ക് മാർച്ച് നടന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, കെ മുരളീധരൻ എംപി, ശശി തരൂർ എംപി, വി എം സുധീരൻ, എം എം ഹസ്സൻ, ബെന്നി ബഹന്നാൻ എംപി, പി സി ചാക്കോ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Similar News