സാലറി ചലഞ്ച്: പണം വകമാറ്റിയെന്ന പ്രചാരണം വസ്‌തുതാവിരുദ്ധമെന്ന് കെഎസ്ഇബി

സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ പൂര്‍ത്തിയായത് ജൂലൈയിലാണ്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച 132 കോടി കൈമാറാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ എടുത്തിരുന്നുവെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.

Update: 2019-08-19 14:31 GMT

തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണത്തിനായി സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍നിന്ന് സ്വരൂപിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന വാര്‍ത്തകള്‍ വസ്‌തുതാ വിരുദ്ധമെന്ന് കെഎസ്ഇബി. ജീവനക്കാരില്‍നിന്ന് പിരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാതെ ബോര്‍ഡ് പണം കൈക്കലാക്കി എന്നാരോപിച്ച് മാധ്യമങ്ങൾ വാര്‍ത്ത നൽകിയിരുന്നു.

മഹാപ്രളയത്തിനു ശേഷം കെഎസ്ഇബിയുടേയും ജീവനക്കാരും 50 കോടിരൂപ നേരത്തെ കൈമാറിയിരുന്നു. സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ പൂര്‍ത്തിയായത് ജൂലൈയിലാണ്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച 132 കോടി കൈമാറാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ എടുത്തിരുന്നുവെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു. ലഭിച്ച പണം ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രളയബാധിതര്‍ക്ക് വേണ്ടി കെഎസ്ഇബി സാലറി ചലഞ്ചിലൂടെ പിരിച്ച കോടിക്കണക്കിന് രൂപ വകമാറ്റി ചിലവഴിച്ചത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡാമുകള്‍ തുറന്ന് വിട്ട് കേരളത്തെ പ്രളയത്തില്‍ മുക്കിയ കെഎസ്ഇബി തന്നെ പ്രളയബാധിതര്‍ക്ക് വേണ്ടി പിരിച്ച തുക വകമാറ്റി ചിലവഴിച്ചതിലൂടെ വേലി തന്നെ വിളവ് തന്നെ വിളവ് തിന്നുന്ന സ്ഥിതി വിശേഷമാണ് സംജാതമായത്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രത്യേക അക്കൗണ്ട് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശരിവക്കുന്നതാണ് വൈദ്യുതി വകുപ്പിന്റെ ഈ കെടുകാര്യസ്ഥത. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പണം വകം മാറ്റി ചിലവഴിച്ചതെന്ന് വകുപ്പ് മന്ത്രി എം എം മണി തന്നെ സമ്മതിച്ച് സ്ഥിതിക്ക് വൈദ്യുത വകുപ്പിന്റെ വീഴ്ച വ്യക്തമായിരിക്കുകയാണ്.

പ്രളയദുരിതാശ്വാസനിധിയിലേക്കുവേണ്ടി സാലറി ചലഞ്ചിലൂടെ പിരിച്ച 136 കോടി രൂപ കൈവശം വച്ചിരുന്നവര്‍ ഒരുവര്‍ഷത്തോളം ഇതിന്റെ പലിശയിനത്തില്‍ എത്ര തുക ലഭിച്ചു എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.ഇ.ബിയില്‍ മാത്രമല്ല, പല പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഇത്തരത്തിലുള്ള വലിയ ക്രമക്കേടുകള്‍ മുന്നില്‍ കണ്ടുകൊണ്ടു കൊണ്ടാണ് ദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് വേണമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടത്.

Tags:    

Similar News