കെഎസ്എഫ്ഇ റെയ്ഡില്‍ അസ്വാഭാവികതയില്ല; വിജിലന്‍സിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ് തിരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നടത്തിയത്. സാധാരണ നടക്കുന്ന വിജിലന്‍സ് പരിശോധനയ്ക്കുശേഷം റിപോര്‍ട്ട് ലഭ്യമാവുന്ന മുറയ്ക്ക് വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് അയക്കും.

Update: 2020-11-30 15:48 GMT

തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്എഫ്ഇയില്‍ നടന്നത് സാധാരണയായി നടക്കുന്ന പരിശോധനയാണ്. ഇതില്‍ അസ്വാഭാവികതയില്ല. സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന നടപടികളുണ്ടെന്ന കണ്ടെത്തലിന്റെ പുറത്താണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഏതെങ്കിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നു എന്ന രഹസ്യവിവരം കിട്ടിയാല്‍ വിജിലന്‍സിലെ ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി വിവരം ശേഖരിക്കും. അത് ശരിയാണെന്ന് കണ്ടാല്‍ അതത് യൂനിറ്റ് മേധാവികള്‍ സോഴ്‌സ് റിപോര്‍ട്ട് തയ്യാറാക്കും. എന്നിട്ട് ആ റേഞ്ചിന്റെ പോലിസ് സൂപ്രണ്ട് വഴി മിന്നല്‍പരിശോധന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. വിജിലന്‍സ് ആസ്ഥാനമാണ് അത് പരിശോധിക്കുക. ആവശ്യമാണെങ്കില്‍ മിന്നല്‍പരിശോധനയ്ക്ക് തിയ്യതി നിശ്ചയിച്ച് ഉത്തരവ് നല്‍കും ഇതാണ് രീതി. മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്.

മറ്റേത് തരത്തിലുള്ള അനുമതിയും തേടില്ല. അതാണ് കെഎസ്എഫ്ഇയില്‍ നടന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ് തിരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നടത്തിയത്. സാധാരണ നടക്കുന്ന വിജിലന്‍സ് പരിശോധനയ്ക്കുശേഷം റിപോര്‍ട്ട് ലഭ്യമാവുന്ന മുറയ്ക്ക് വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് അയക്കും. ഇതില്‍ നടപടി ആവശ്യമുള്ളതാണെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും. ഇത്തരത്തില്‍ നടക്കുന്ന ആദ്യപരിശോധനയല്ല ഇതെന്ന് പറഞ്ഞ മുഖ്യമന്ത്രി, 2019-ല്‍ 18 പരിശോധനകള്‍ നടന്നിട്ടുണ്ടെന്നും 2020 ല്‍ കൊവിഡ് 19 കാരണം 7 പരിശോധനകളാണ് നടന്നതെന്നും അറിയിച്ചു.

Tags:    

Similar News