വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചു; എംപാനല്‍ ജീവനക്കാര്‍ വീണ്ടും സമരത്തിന്
അടുത്തമാസം പകുതിയോടെ സമരം ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും എംപാനല്‍ കണ്ടക്ടര്‍മാര്‍ പറഞ്ഞു.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് മൂന്നാംഘട്ട സമരത്തിലേക്ക് ജീവനക്കാര്‍ നീങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും കണ്ടക്ടര്‍മാര്‍ പറഞ്ഞു. അടുത്തമാസം പകുതിയോടെ സമരം ആരംഭിക്കുമെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിക്കുമ്പോള്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രിക്കും എംഡിക്കും കത്തുനല്‍കിയതായും സമരസമിതി അറിയിച്ചു. കണ്ടക്ടര്‍ റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം വൈകിയ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 17നാണ് 3861 എംപാനല്‍ കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.