തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ യാത്രക്കാരുള്ള മേഖലകളിലേക്കാവും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. സര്‍വീസ് തുടങ്ങാന്‍ എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനും സൗകര്യമുണ്ടാവും. സാമൂഹിക അകലം ഉറപ്പാക്കാന്‍ ബസുകളിലെ സീറ്റുകളില്‍ ഇരുന്നുള്ള യാത്രകളെ ആദ്യഘട്ടത്തില്‍ അനുവദിക്കൂ.
ശനിയും ഞായറും സര്‍വീസ് ഉണ്ടായിരിക്കില്ല. അത്യാവശ്യക്കാര്‍ മാത്രം പൊതുഗതാഗതം ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ജുണ്‍ 16 വരെ ലോക്ക് ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുന്നതിനെതിരേ ആരോഗ്യവകുപ്പ് അതൃപ്തി അറിയിച്ചിട്ടുണ്ട്. പൊതുഗതാഗതം തുടങ്ങിയാല്‍ രോഗവ്യാപനം വീണ്ടുമുണ്ടാവുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ഇന്നലത്തെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ദീര്‍ഘദൂരനടപടികള്‍ ആരംഭിക്കാന്‍ ആലോചിച്ചിട്ടുള്ളത്.
ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത് സംബന്ധിച്ച് ചാര്‍ട്ട് തയ്യാറാക്കിവരികയാണെന്ന് സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു. എന്നാല്‍, ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ ഇളവുകള്‍ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ സര്‍വീസ് നാളെ മുതല്‍ നടത്താനുള്ള തീരുമാനം കെഎസ്ആര്‍ടിസിക്ക് ഉപേക്ഷിക്കേണ്ടിവരും.