വേമ്പനാട്ട് കായല്‍ അതോററ്റി രൂപീകരിക്കണം: കുഫോസ് സെമിനാര്‍

പ് ളാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നത് മൂലം വേമ്പനാട്ട് കായലില്‍ മല്‍സ്യങ്ങളുടെ ആവാസവ്യവസ്ഥയില്‍ വലിയ ആഘാതങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല തദ്ദേശമല്‍സ്യങ്ങളുടെയും വംശനാശത്തിന് ഇതു കാരണമാകുന്നുവെന്ന് സെമിനാറില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി

Update: 2022-06-06 10:29 GMT

കൊച്ചി: വേമ്പനാട്ട് കായലിന്റെ അതിവേഗത്തിലുള്ള നാശം തടയാനായി വേമ്പനാട്ട് കായല്‍ അതോററ്റി രൂപീകരിക്കണമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) നടന്ന 'ഉള്‍നാടന്‍ മല്‍സ്യസമ്പത്തും മല്‍സ്യകൃഷിയും' ഏകദിന സെമിനാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ് ളാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നത് മൂലം വേമ്പനാട്ട് കായലില്‍ മല്‍സ്യങ്ങളുടെ ആവാസവ്യവസ്ഥയില്‍ വലിയ ആഘാതങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല തദ്ദേശമല്‍സ്യങ്ങളുടെയും വംശനാശത്തിന് ഇതു കാരണമാകുന്നുവെന്ന് സെമിനാറില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വേമ്പനാട്ട് കായലിന്റെ ഭാഗമായ തണ്ണീര്‍മുക്കം ബണ്ടുമായി ബന്ധപ്പെട്ട് മല്‍സ്യ കര്‍ഷകരും നെല്‍കര്‍ഷകരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഭരണ സംവിധാനത്തിന് കഴിയണമെങ്കില്‍ വേമ്പനാട്ട് കായല്‍ അതോററ്റി നിലവില്‍ വരണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്ര സാഹിത്യപരിഷത്തും കുഫോസും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കെ ബാബു എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ അധ്യക്ഷത വഹിച്ചു.നദികളില്‍ ഡാമുകള്‍ക്ക് പകരം ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുകയും മല്‍സ്യങ്ങളുടെ സഞ്ചാരപഥങ്ങള്‍ സംരക്ഷിക്കാനായി ചെക്ക് ഡാമുകളില്‍ ജലകോണികള്‍ ഉണ്ടാക്കുകയും ചെയ്താലേ ഉള്‍നാടന്‍ മല്‍സ്യസമ്പത്തിന്റെ ശരിയായ സംരക്ഷണം സാധ്യമാകുവെന്ന് ഡോ.കെ റിജി ജോണ്‍ പറഞ്ഞു.

കുഫോസ് രജിസ്ട്രാര്‍ ഡോ.ബി മനോജ് കുമാര്‍, അക്വാകള്‍ച്ചര്‍ വിഭാഗം മേധാവി ഡോ.കെ ദിനേഷ്, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധികളായ പ്രഫസര്‍ പി കെ രവീന്ദ്രന്‍, ഡോ.എന്‍ ഷാജി, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ സംസാരിച്ചു. സെമിനാറിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ കുഫോസ് ഫിഷറീസ്, മാനേജ്‌മെന്റ് ഫാക്കല്‍റ്റികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന അക്കാഡമിക് ബ് ളോക്കുകളുടെ ശിലാസ്ഥാപനം കെ ബാബു എംഎല്‍എ യും കുഫോസിലെ മല്‍സ്യകുളങ്ങളില്‍ നിന്നുള്ള മീനും മല്‍സ്യോല്‍പ്പനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി മാടവന ജംക്ഷനില്‍ കുഫോസ് അമിനിറ്റി സെന്ററില്‍ ആരംഭിച്ച മാതൃകാ മല്‍സ്യോല്‍പ്പന്ന വിപണ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണും നിര്‍വഹിച്ചു.

Tags:    

Similar News