ചെല്ലാനം മാതൃക മല്‍സ്യഗ്രാമം: പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു ;941 കോടി രൂപ ചെലവ്, മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
191 കോടി രൂപ ഖരമാലിന്യ നിര്‍മാര്‍ജനത്തിന്.ചെല്ലാനത്ത് കോളജും വിഎച്ച്എസ്‌സി സ്‌കൂളും സ്ഥാപിക്കാന്‍ നിര്‍ദ്ദേശം
കൊച്ചി:കടല്‍ ക്ഷോഭം മൂലം ജനജീവിതം ദുസഹമായ ചെല്ലാനത്തെ പരിസ്ഥിതി സൗഹൃദമായ മാതൃക മല്‍സ്യഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ചെല്ലാനം പുനരുദ്ധാരണ പദ്ധതിയുടെ അന്തിമ പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയും (കുഫോസ്) കേരള സ്‌റ്റേറ്റ് കോസ്റ്റല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനും (കെഎസ്‌സിഎഡിസി) സംയുക്തമായാണ് പദ്ധതിരേഖ തയ്യാറാക്കിയത്. 941 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലുള്ളത്. രണ്ടു മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.
കുഫോസില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ പി രാജീവ്,വി അബ്ദുറഹിമാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കെഎസ്‌സിഎഡിസി മാനേജിങ്ങ് ഡയറക്ടര്‍ പി ഐ ഷേക്ക് പരീതും കുഫോസ് വൈസ് ചാന്‍സലര്‍ കെ റിജി ജോണും സംയുക്തമായി അന്തിമറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാരിന് വേണ്ടി ഫിഷറീസ് ഡയറക്ടര്‍ ഡോ.അദീല അബ്ദുള്ള പദ്ധതി രേഖ ഏറ്റുവാങ്ങി. ചെല്ലാനം തീരപ്രദേശത്ത് മാതൃകാ മല്‍സ്യഗ്രാമം പദ്ധതിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണന്നും ഇപ്പോള്‍ ശക്തമായ കാലവര്‍ഷത്തിനിടയിലും കടല്‍ക്ഷോഭത്തെ പേടിക്കാതെ ചെല്ലാനത്ത് ജീവിക്കാം എന്ന നിലയിലായിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന സംസ്ഥാനത്തെ പരിസ്ഥിതി ലോല തീരദേശങ്ങളുടെ പുനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 5400 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
ചെല്ലാനം മാതൃക മല്‍സ്യഗ്രാമം പദ്ധതി ഇതിന്റെ പൈലറ്റ് പദ്ധതിയാണെന്നും മന്ത്രി രാജീവ് പറഞ്ഞു.കെഎസ്‌സിഎഡിസി മാനേജിങ്ങ് ഡയറക്ടര്‍ ഷേക്ക് പരീത് പദ്ധിതി രേഖയുടെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു. 941.72 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കുന്ന പദ്ധതിയില്‍ പുതിയതായി കണ്ടെത്തേടത് 421.55 കോടി രൂപയാണെന്ന് ഷേക്ക് പരീത് വ്യക്തമാക്കി. 520.17 കോടി രൂപ ചെല്ലാനം പുനര്‍നിര്‍മാണത്തിനായി വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം അനുവദിച്ചിട്ടുള്ളതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതും ആണ്.കടല്‍ക്ഷോഭം ഉള്‍പ്പടെയുള്ള പരിസ്ഥിതി ആഘാതങ്ങള്‍ തടയുക എന്നത് മാത്രമല്ല, ,ചെല്ലാനം തീരദേശത്തിന്റെ സമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ സമഗ്രവികസനം ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതിരേഖയെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ പറഞ്ഞു. ചെല്ലാനത്തെ ജനങ്ങളുടെ തൊഴില്‍ പ്രാവീണ്യവും പ്രകൃതി വിഭലങ്ങളുടെ ലഭ്യതയും കണക്കിലെടുത്ത് മത്സ്യമേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് റിപ്പോര്‍ട്ടില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും ഡോ.റിജി ജോണ്‍ പറഞ്ഞു.
കെ ജെ മാക്‌സി എംഎല്‍എ, പള്ളൂരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ ജോസഫ്,കുഫോസ് രജിസ്ട്രാര്‍ ഡോ.ബി മനോജ് കുമാര്‍, ചെല്ലാനം പദ്ധതി നോഡല്‍ ഓഫിസര്‍ (കുഫോസ്) ഡോ.കെ ദിനേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.