കുന്നംകുളം മത്സ്യ മാര്‍ക്കറ്റ് നവീകരണത്തിന് കിഫ്ബി അംഗീകാരം; പദ്ധതിയ്ക്ക് 4.16 കോടി
തൃശൂര്‍: കുന്നംകുളം മത്സ്യ മാര്‍ക്കറ്റ് നവീകരണത്തിന് കിഫ്ബി അംഗീകാരം ലഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 65 മാര്‍ക്കറ്റുകള്‍ കിഫ്ബി ധനസഹായത്തോടെ പുനരുദ്ധരിച്ച് ഹൈടെക് മാര്‍ക്കറ്റുകളാക്കി മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 193 കോടി രൂപയുടെ അംഗീകാരം നല്‍കിയിരുന്നു.
ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 6 മത്സ്യമാര്‍ക്കറ്റുകള്‍ 13.97 കോടി രൂപയ്ക്ക് ഹൈടെക് ആക്കുകയായിരുന്നു. രണ്ടാം ഘട്ടമായി 41.22 കോടി രൂപയ്ക്ക് 17 മാര്‍ക്കറ്റുകള്‍കൂടി കിഫ്ബി അംഗീകരിച്ചു. രണ്ടാം ഘട്ടം അംഗീകാരം നല്‍കിയതിലാണ് കുന്നംകുളം മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പെട്ടിരിക്കുന്നത്. 4.16 കോടി രൂപയാണ് പ്രസ്തുത മാര്‍ക്കറ്റിന്റെ അടങ്കല്‍.
കുന്നംകുളം മത്സ്യമാര്‍ക്കറ്റില്‍ നിലവില്‍ സ്ഥിതി ചെയ്യുന്ന ഭാഗികമായി പൂര്‍ത്തീകരിച്ച കെട്ടിടത്തെ പുനരുദ്ധരിച്ച് ഒരു നൂതന മത്സ്യമാര്‍ക്കറ്റായി മാറ്റുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലെ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന മതിലുകള്‍ മുഴുവനായി പൊളിച്ചുനീക്കി തികച്ചും ഉപഭോക്തൃ സൗഹൃദപരമായി ഓരോ സ്റ്റാളുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ സജ്ജമാകുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 18 ഫിഷ് സ്റ്റാളുകള്‍, 4 മീറ്റ് സ്റ്റാളുകള്‍, 4 ഉണക്ക മത്സ്യസ്റ്റാളുകള്‍, 7 പച്ചക്കറി സ്റ്റാളുകള്‍, ഫ്‌ലക് ഐസ് യൂണിറ്റ്, ചില്‍ റൂം സംവിധാനം, ഓഫീസ് മുറി, സ്‌റ്റോര്‍ മുറി എന്നിവയും മുകളിലത്തെ നിലയില്‍ ഒരു കോണ്‍ഫറന്‍സ് ഹാള്‍, 2 ഓഫീസ് മുറി, ലോക്കര്‍ റൂമുകള്‍, വിശ്രമ മുറികള്‍, 34 കടമുറികള്‍ എന്നിവയുമാണ് ഒരുക്കുന്നത്.
ഓരോ സ്റ്റാളിലും ആവശ്യമായ സ്റ്റീല്‍ സിങ്കുകള്‍, ഡ്രയിനേജ് സംവിധാനം മാന്‍ഹോളുകള്‍ മാര്‍ക്കറ്റില്‍ ഉടനീളം സജ്ജീകരിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയുംവിധം മാര്‍ക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭ്യമാകുംവിധമാണ് ഇതിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. തറയില്‍ ആന്റിസ്‌കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ് ലറ്റുകള്‍, ഇന്റര്‍ലോക്കിംഗ് പാകിയ പാര്‍ക്കിംഗ്, മതിയായ ഡ്രെയിനേജ് സൗകര്യങ്ങള്‍, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. കുന്നംകുളത്തുകാരുടെ ദീര്‍ഘകാല ആവശ്യമായ മത്സ്യ മാര്‍ക്കറ്റ് പുനരുദ്ധാരണ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.