കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എന്‍സിപിയില്‍ ഭിന്നത രൂക്ഷം; കൊച്ചിയില്‍ വ്യാപക പോസ്റ്ററുകള്‍

സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എന്‍സിപിയുടെ നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊച്ചിയിലുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.എംഎല്‍എയായിരുന്ന തോമസ് ചാണ്ടി അന്തരിച്ചതോടെയാണ് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ മല്‍സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്

Update: 2020-02-27 05:07 GMT

കൊച്ചി: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എന്‍സിപിയില്‍ ഭിന്നത രൂക്ഷം. സ്ഥാനാര്‍ഥി ആരാകണമെന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എന്‍സിപിയുടെ നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗം നടക്കുന്ന സ്ഥലം അടക്കം കൊച്ചിയിലുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.എംഎല്‍എയായിരുന്ന തോമസ് ചാണ്ടി അന്തരിച്ചതോടെയാണ് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ മല്‍സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.

പാര്‍ടിയില്‍ കുടുംബാധിപത്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്.എന്നാല്‍ തോമസ് കെ തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടാണ് പാര്‍ടി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്ററിനുള്ളതെന്നാണ് വിവരം.ഇതിനിടയിലാണ് ഇന്ന് യോഗം ചേരാനിരിക്കെ കൊച്ചിയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.എന്‍സിപി സീറ്റുകള്‍ വില്‍പനയ്ക്ക് എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററുകളില്‍ അക്കമിട്ട് നിരത്തിയാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

കുട്ടനാട് സീറ്റ് ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍-സാമ്പത്തിക അടിത്തറ,സംഭാവന നല്‍കല്‍, വിമാന ടിക്കറ്റും ഫൈവ് സ്്റ്റാര്‍ താമസവും നേതാക്കള്‍ക്ക് ഒരുക്കാനുള്ള മനസുവേണം,ഭൂമി കൈയേറ്റം അറിഞ്ഞിരിക്കണം. പ്രവര്‍ത്തകരെയും പത്രക്കാരെയും തെറി പറയാന്‍ കഴിയണം. അണികളുമായോ മണ്ഡലത്തിലെ വോട്ടര്‍മാരുമായോ എല്‍ഡിഎഫുമായോ യാതൊരു ബന്ധവും പാടില്ല. മറ്റു രാഷ്ട്രീയ പാര്‍ടിയില്‍ പ്രവര്‍ത്തിച്ച് വരുന്നവരെ പ്രത്യേകം പരിഗണിക്കും എന്നിങ്ങനെയാണ് പരാമര്‍ശം.ഇതു കൂടാതെ ഗുരുവായൂര്‍,കെഎസ്എഫ്ഇ,പിഎസ്ഇ,ഗവ പ്ലീഡര്‍ എന്നിങ്ങനെ മറ്റു നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നുവെന്നും പോസ്റ്ററില്‍ പരാമാര്‍ശിക്കുന്നു. യുവജന കൂട്ടായ്മ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

Tags:    

Similar News