തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

തൊഴിലിടങ്ങള്‍ സ്ത്രീസൗഹൃദമാക്കുന്നതിനും സ്ത്രീ തൊഴിലാളികളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം, യാത്രാസൗകര്യം തുടങ്ങിയവ ഉറപ്പുവരുത്താനും ഈ നിയമപ്രകാരം തൊഴിലുടമകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ചുമട്ട് മേഖലയിലെ സ്ത്രീ തൊഴിലാളികളെക്കൊണ്ട് 35 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം എടുപ്പിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ടില്‍ ഭേദഗതി വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ താമസസൗകര്യം നല്‍കുന്നതിന് സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റുകള്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്

Update: 2019-11-23 10:22 GMT

കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പുവരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും അത് ശക്തമായി തുടരുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍. സ്ത്രീതൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുകയും ചെയ്യുന്നതു സംബന്ധിച്ച നിയമവ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതവും തൊഴിലാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്.തൊഴിലിടങ്ങള്‍ സ്ത്രീസൗഹൃദമാക്കുന്നതിനും സ്ത്രീ തൊഴിലാളികളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. തൊഴിലിടങ്ങളില്‍ ഇരിപ്പിടം അവകാശമാക്കിയ ഏക സംസ്ഥാനമാണ് കേരളം. സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തി അഞ്ചു പേരെങ്കിലും അടങ്ങുന്ന ഗ്രൂപ്പുകളായി രാത്രിയിലും ജോലിക്ക് നിയോഗിക്കാനുള്ള നിയമഭേദഗതിയും ഈ ഗവണ്‍മെന്റ് കൊണ്ടുവന്നു. സുരക്ഷിതമായ താമസസൗകര്യം, യാത്രാസൗകര്യം തുടങ്ങിയവ ഉറപ്പുവരുത്താനും ഈ നിയമപ്രകാരം തൊഴിലുടമകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചുമട്ട് മേഖലയിലെ സ്ത്രീ തൊഴിലാളികളെക്കൊണ്ട് 35 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം എടുപ്പിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ടില്‍ ഭേദഗതി വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ താമസസൗകര്യം നല്‍കുന്നതിന് സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റുകള്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട കേന്ദ്രനിയമം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ അതേ വിഷയത്തിലുള്ള സംസ്ഥാന നിയമത്തിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കേണ്ടതായി വന്നിട്ടുണ്ട്്. 2018ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്(ഭേദഗതി)കരട് ചട്ടം ഭേദഗതി ചെയ്യണമെന്ന അഭിപ്രായം വകുപ്പ് തലത്തില്‍ ഉയര്‍ന്നുവന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇതു സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള പ്രാഥമിക വിജ്ഞാപനം പരിശോധനകള്‍ക്കും മാറ്റത്തിനും വിധേയമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. പ്രാഥമിക വിജ്ഞാപനത്തിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൂര്‍ണമായും പരിഗണിച്ചുമാത്രമേ സര്‍ക്കാര്‍ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News