കുടുംബ ഫോട്ടോ ആല്‍ബങ്ങള്‍ പറയുന്നത് സമാന്തരചരിത്രമെന്ന് ദൃശ്യകലാവിദഗ്ധ നയന്‍താരാ ഗുരുങ്ങ് കക്ഷപതി

കേരള ലളിതകലാ അക്കാദമിയുടെ ഏകദിന സെമിനാര്‍ ദ് ഏജ് ഓഫ് ദി ഫോട്ടോഗ്രഫ് 2022 കൊച്ചിയില്‍ നടന്നു.സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ടെക്‌നോളജി ഡീന്‍ മീനാ വാരി ക്യൂറേറ്റ് ചെയ്ത സെമിനാറില്‍ ഫോട്ടോഗ്രാഫര്‍മാര്‍, കലാകാരന്മാര്‍ തുടങ്ങി നൂറിലേറെപ്പേര്‍ പങ്കെടുത്തു

Update: 2022-07-16 13:50 GMT

കൊച്ചി: കുടുംബ ഫോട്ടോ ആല്‍ബങ്ങള്‍ പറയുന്നത് സമാന്തരചരിത്രമെന്ന് നേപ്പാളില്‍ നിന്നുള്ള ദൃശ്യകലാവിദഗ്ധയും നേപ്പാളിലെ ഫോട്ടോ സര്‍ക്കിള്‍, നേപ്പാള്‍ പിക്ചര്‍ ലൈബ്രറി എന്നിവയുടെ സഹസ്ഥാപകയുമായ നയന്‍താരാ ഗുരുങ്ങ് കക്ഷപതി. കേരള ലളിതകലാ അക്കാദമിയുടെ കൊച്ചി ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടന്ന തൊഹോകു ജപ്പാനീസ് ഫോട്ടോഗ്രഫര്‍മാരുടെ കണ്ണുകളിലൂടെ എന്ന ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജപ്പാന്‍ ഫൗണ്ടേഷന്‍, സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ടെക്‌നോളജി എന്നിവയുടെ സഹകരണത്തോടെ ലളിതകലാ അക്കാദമി സംഘടിപ്പിച്ച ദ് ഏജ് ഓഫ് ദി ഫോട്ടോഗ്രാഫ് 2022 ഏകദിന സെമിനാറില്‍ ആര്‍ക്കൈവ് ബില്‍ഡിംഗ് ആ്ന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററീസ് എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു നയന്‍താര.


നേപ്പാളിലെ മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകരായ ശശികല ശര്‍മ, പ്രതിഭാ സുവേദി എന്നിവരുടെ പഴയ കുടുംബ ഫോട്ടോ ആല്‍ബങ്ങളിലൂടെ സഞ്ചരിച്ചായിരുന്നു നയന്‍താരയുടെ പ്രഭാഷണം. ഓരോ ഫോട്ടോയും ഭൂതകാലത്തിന്റെ ശവപ്പെട്ടിയില്‍ അടിയ്ക്കപ്പെടുന്ന ഓരോ ആണികളാണെന്ന് ദ് ഐഡിയ ഓഫ് ലോസ് ആന്‍ഡ് വിഷ്വല്‍ (മിസ്)റെപ്രസന്റേഷന്‍ എന്ന പ്രബന്ധമവതരിപ്പിച്ച ചലച്ചിത്രകാരന്‍ ആര്‍ വി രമണി പറഞ്ഞു. പ്രസിദ്ധീകരണത്തില്‍ ദൃശ്യങ്ങളുടെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാണെന്നും ആശയവിനിമയത്തിനു മാത്രമല്ല വ്യത്യസ്തമായ ചരിത്രങ്ങളുടേയും ഭൂമിശാസ്ത്രങ്ങളുടേയും വ്യാഖ്യാനത്തിനും അവ ഒഴിച്ചുകൂടാനാകാത്തതാണെന്നും ഇമേജസ് ഇന്‍ ട്രാന്‍സ്ലേഷന്‍ എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ച റിലയബ്ള്‍ കോപ്പിയിലെ സരസിജ സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഫോട്ടോഗ്രഫി: എഡ്യുക്കേഷന്‍ എക്‌സ്പ്രഷന്‍ എന്ന വിഷയത്തില്‍ മൂര്‍ത്തീനായക് ഫൗണ്ടേഷന്‍/ഫോട്ടോസൗത്ത്ഏഷ്യയിലെ അനിത ഖെംക, പേട്രണേജ്, പെഡഗോഗി ആന്‍ഡ് അദര്‍ ഫോംസ് ഓഫ് സപ്പോര്‍ട്ട് എന്ന വിഷയത്തില്‍ റഹാബ് അല്ലാന എന്നിവരും സംസാരിച്ചു. സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ടെക്‌നോളജി ഡീന്‍ മീനാ വാരി ക്യൂറേറ്റ് ചെയ്ത സെമിനാറില്‍ ഫോട്ടോഗ്രാഫര്‍മാര്‍, കലാകാരന്മാര്‍ തുടങ്ങി നൂറിലേറെപ്പേര്‍ പങ്കെടുത്തു.

ഇന്ത്യയിലെ മറ്റിടങ്ങളിലേയും വിദേശരാജ്യങ്ങളിലേയും സമാന സ്വഭാവമുള്ള സാംസ്‌കാരിക സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ച് സാമൂഹികവും സാംസ്‌കാരികവുമായ വിനിമയങ്ങള്‍ക്ക് ലക്ഷ്യമിടുന്ന കേരള ലളിതകലാ അക്കാദമി പ്രവര്‍ത്തനങ്ങളുടെ തുടക്കമായിരുന്നു തൊഹോകു ജപ്പാനീസ് ഫോട്ടോഗ്രഫര്‍മാരുടെ കണ്ണുകളിലൂടെ എന്ന ഫോട്ടോഗ്രഫി പ്രദര്‍ശനമെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് പറഞ്ഞു. വിദേശങ്ങളില്‍ നിന്നുള്ള ഇത്തരം ഏതാനും പ്രദര്‍ശനങ്ങള്‍ കൂടി വൈകാതെ സംഘടിപ്പിക്കുന്നതിനുള്ള അവാസനവട്ട ചര്‍ച്ചകളിലും തയ്യാറെടുപ്പുകളിലുമാണ് അക്കാദമി.

Tags:    

Similar News