പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭൂമി സംഘപരിവാര്‍ കൈയേറിയതെന്ന് തഹസീൽദാറുടെ റിപോർട്ട്
ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയാണ് കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനം പ്രവര്‍ത്തിക്കുന്നതെന്നും ഇത് സംഘപരിവാര്‍ സംഘടന കൈയേറിയതാണെന്നും തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കൈയേറിയ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ നടത്തുന്ന നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു. ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയാണ് കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനം പ്രവര്‍ത്തിക്കുന്നതെന്നും ഇത് സംഘപരിവാര്‍ സംഘടന കൈയേറിയതാണെന്നും തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ ഭൂമി മുഞ്ചിറ മഠത്തിന്റെ പേരിലാണെന്ന് തഹസില്‍ദാര്‍ ജി.കെ സുരേഷ് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ രേഖകള്‍, വൈദ്യുതി കണക്ഷന്‍ എന്നിവ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറുടെ പേരിലാണ്. ബാലസദനത്തിന് കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ക്ഷേത്ര ആവശ്യത്തിനായി രാജഭരണകാലത്ത് നല്‍കിയ ശ്രീപണ്ടാരം വക ഭൂമിയാണിതെന്ന് കാണിച്ച് ഈ സ്ഥലവും കെട്ടിടവും തിരികെ നല്‍കണമെന്നാവശ്യപ്പട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തഹസില്‍ദാരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്.
ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പ്രധാന പങ്കുവഹിക്കുന്ന മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് താമസിക്കാനും പൂജകള്‍ നടത്താനുമാണ് കെട്ടിടം നല്‍കിയിരുന്നത്. ഇടയ്ക്ക് കുറേക്കാലത്ത് മുഞ്ചിറ മഠത്തില്‍ സ്വാമിയാര്‍ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് ബാലസദനം അധികൃതര്‍ കൈയേറിയതെന്നാണ് ആക്ഷേപം.