പത്തനംതിട്ട: മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടി. ഇന്ന് വൈകീട്ട് 6 മണിയോടെ മൂഴിയാര്‍ വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്രമീകരിക്കുന്നതിനായി മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദത്തിന്റെ ഫലമായി പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കെഎസ്ഇബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെയും കാരിക്കയം വൈദ്യുതി നിലയത്തിന്റെയും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ് 190 മീറ്റര്‍ കഴിഞ്ഞപ്പോള്‍തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിനാണ് ജലനിരപ്പ് 190 മീറ്ററായത്. ഇത് 192.63 മീറ്ററായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെമി എന്ന തോതില്‍ ഉയര്‍ത്തി 51.36 ക്യൂമെക്ക്‌സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിട്ടത്.
ഇപ്രകാരം ഒഴുക്കിവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ 50 സെ.മീ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഡാമില്‍നിന്നും ഒഴുക്കിവിടുന്ന ജലം ആങ്ങമൂഴിയില്‍ രണ്ടുമണിക്കൂറിന് ശേഷമെത്തും. അതിനാല്‍, കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് കലക്ടര്‍ അറിയിച്ചു.