ജോസ് കെ മാണി വിഭാഗം: ഔദ്യോഗികമായി ചര്‍ച്ച ചെയ്യാന്‍ എൽഡിഎഫ്; ജോസഫ് വിഭാഗത്തെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത്

29ന് ഉച്ചകഴിഞ്ഞ് ചേരുന്ന മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. അതിന് മുമ്പ് ജോസ് വിഭാഗത്തില്‍ നിന്ന് അനുകൂലമായ രാഷ്ട്രീയപ്രതികരണം ഉണ്ടായേക്കും.

Update: 2020-09-23 05:45 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- ജോസ് കെ മാണി വിഭാഗത്തെ കൂടെകൂട്ടുന്ന കാര്യം ഔദ്യോഗികമായി ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി നേതൃത്വം ഒരുങ്ങുന്നു. ഈ മാസം 29ന് ഉച്ചകഴിഞ്ഞ് ചേരുന്ന മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. അതിന് മുമ്പ് ജോസ് വിഭാഗത്തില്‍ നിന്ന് അനുകൂലമായ രാഷ്ട്രീയപ്രതികരണം ഉണ്ടായേക്കും. മുന്നണിയോഗത്തിന്റെ മുന്നോടിയായി 26, 27 തീയതികളില്‍ സിപിഎം സംസ്ഥാന സമിതിയും പാര്‍ട്ടി സെക്രട്ടേറിയറ്റും ചേരുന്നുണ്ട്. സിപിഐ ഇന്നും നാളെയും ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ജോസ് പക്ഷത്തോടുള്ള കടുത്ത എതിര്‍പ്പില്‍ അയവ് വരുത്തിയിട്ടുണ്ട്.

അതേസമയം, പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ ആയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തിന്റെ കത്ത്. എന്‍ ജയരാജ് എംഎല്‍എയാണ് കത്ത് കൈമാറിയത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ നല്‍കിയ വിപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

ഇരുവരെയും അയോഗ്യരാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിളിച്ച പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Tags:    

Similar News