കോണ്‍ഗ്രസ് നേതാക്കളെ സിപിഎം കെണിവച്ച് കൊണ്ടുപോകുന്നു; സിപിഎമ്മിനെതിരേ തിരുവഞ്ചൂർ
കോണ്‍ഗ്രസിനകത്ത് ഐക്യം ഉണ്ടാകേണ്ട കാലഘട്ടമാണ്. അപ്പോള്‍ ഒരുമിച്ച് നില്‍ക്കുന്നതിന് പകരം രാഷ്ട്രീയമായി വിദ്വേഷം ഉള്ള ആളുകള്‍ക്ക് ഉപയോഗിക്കാന്‍ ആയുധം നല്‍കുന്നത് ശരിയല്ല.
കോട്ടയം: കോണ്‍ഗ്രസ് നേതാക്കളെ സിപിഎം കെണിവച്ച് കൊണ്ടുപോവുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബിജെപി ഇതരകക്ഷികളുടെ പൂര്‍ണ്ണമായ ഐക്യം വേണമെന്ന് തീവ്രമായി വാദിക്കുന്ന സിപിഎം എടുക്കുന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ബിജെപി ഇതരകക്ഷികളെ ക്ഷീണിപ്പിക്കുന്ന നടപടി എടുക്കുന്നത് ഗുണകരമാണോ എന്ന് തിരുവഞ്ചൂര്‍ ചോദിച്ചു.
കോണ്‍ഗ്രസിനകത്ത് ഐക്യം ഉണ്ടാകേണ്ട കാലഘട്ടമാണ്. അപ്പോള്‍ ഒരുമിച്ച് നില്‍ക്കുന്നതിന് പകരം രാഷ്ട്രീയമായി വിദ്വേഷം ഉള്ള ആളുകള്‍ക്ക് ഉപയോഗിക്കാന്‍ ആയുധം നല്‍കുന്നത് ശരിയല്ല. സെമിനാറില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെയാണ് ആദ്യം സമീപിക്കേണ്ടിയിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ തീരുമാനത്തിന് പിന്നാലെ വിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സെമിനാറില്‍ പങ്കെടുത്താല്‍ നടപടിക്ക് കെപിസിസി എഐസിസിക്ക് ശിപാര്‍ശ ചെയ്യുമെന്ന് കെ സുധാകരന്‍ പറഞ്ഞു.
കെ വി തോമസിന്റെ തീരുമാനം അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. കെ വി തോമസ് സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയി കഴിഞ്ഞു എന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. കെ വി തോമസിന്റെ ശരീരം കോണ്‍ഗ്രസിലും മനസ് സിപിഎമ്മിലുമാണ്. പാര്‍ട്ടിയില്‍ കിട്ടാവുന്ന എല്ലാ പദവികളും വഹിച്ച വ്യക്തിയാണ് തോമസ്. ഇപ്പോള്‍ കാണിച്ചിരിക്കുന്നത് നന്ദികേടാണ്. ഇനി കോണ്‍ഗ്രസുകാരുടെ മനസില്‍ കെ വി തോമസ് ഉണ്ടാകില്ലന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്.