നടപ്പാത കൈയേറുന്നവര്‍ക്കെതിരേ നിയമനടപടി വേണം: മനുഷ്യാവകാശ കമ്മീഷന്‍
സൈലന്‍സറില്‍ കൃത്രിമം കാണിച്ച് അമിതശബ്ദമുണ്ടാക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും നിയമവിരുദ്ധമായി ഹോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും അടിയന്തരനടപടി സ്വീകരിക്കണം.
തിരുവനന്തപുരം: നടപ്പാതകള്‍ കൈയേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കും കച്ചവട ആവശ്യങ്ങള്‍ക്കായി നടപ്പാത ഉപയോഗിക്കുന്നവര്‍ക്കുമെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അനുവാദമുള്ള സ്ഥലങ്ങളില്‍ നിരത്ത് മുറിച്ചുകടക്കാന്‍ ആവശ്യമായ സൗകര്യം അധികൃതര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
സൈലന്‍സറില്‍ കൃത്രിമം കാണിച്ച് അമിതശബ്ദമുണ്ടാക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും നിയമവിരുദ്ധമായി ഹോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും അടിയന്തരനടപടി സ്വീകരിക്കണം. നടപ്പാതകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകള്‍ സുരക്ഷിതമാണോ എന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പോലിസ് മേധാവി, തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍, ഗതാഗതവകുപ്പ് കമ്മീഷണര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
കാല്‍നടയാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് വി സോമശേഖരന്‍ നാടാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ കാല്‍നടയാത്രക്കാരുടെ പരാതി പരിഹരിക്കാന്‍ പോലിസ് ശ്രമിക്കുന്നുണ്ടെങ്കിലും വാഹന ഉടമകള്‍ തികഞ്ഞ അനാസ്ഥകാണിക്കുന്നതായി പറയുന്നു. കന്റോണ്‍മെന്റ് പോലിസ് സ്റ്റേഷന് മുമ്പിലുള്ള നടപ്പാതകളില്‍ പോലും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പതിവുകാഴ്ചയാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.