നിയമസഭ സമ്മേളനം നാളെ ആരംഭിക്കും

പൂർണമായും നിയമനിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

Update: 2019-10-27 10:14 GMT

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം  നാളെ ആരംഭിക്കും.  പൂർണമായും നിയമനിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലുള്ള പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും തുടർന്ന് പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.

2019ലെ കേരള വെറ്ററിനറിയും ജന്തു ശാസ്ത്രങ്ങൾ സർവകലാശാല (ഭേദഗതി) ബിൽ. 2019ലെ കേരള അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവ 28ന് പരിഗണിക്കും. 2019ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കൽ സയൻസസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബിൽ, 2019ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ എന്നിവ 29ന് പരിഗണിക്കും. 2019-20ലെ ബജറ്റിലെ ഉപധനാഭ്യർഥനകളുടെ സമർപ്പണം 29നും അതിലുള്ള ചർച്ചയും വോട്ടെടുപ്പും നവംബർ അഞ്ചിനും നടക്കും. നിയമനിർമാണത്തിനായി നീക്കിവച്ചിട്ടുള്ള മറ്റ് ദിവസങ്ങളിൽ ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകൾ സഭ പരിഗണിക്കും.

Tags:    

Similar News