തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല
പ്രളയബാധിതരെ കണ്ടെത്താനുള്ള ചുമതല ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കരുതെന്നു കഴിഞ്ഞ തവണയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. വീണ്ടും സര്‍ക്കാര്‍ അത് തന്നെ ആവര്‍ത്തിക്കുകയാണ്. കേരളം ഭരിക്കുന്നത് ഉദ്യോഗസ്ഥരല്ല ജനപ്രതിനിധികളാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. പഞ്ചായത്തുകളുടെ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുകയാണ്. കിഫ്ബിയുടെ വികസന പദ്ധതികള്‍ പറയുന്നതല്ലാതെ പത്ത് ശതമാനം പോലും പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
കൊച്ചി: കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും പദ്ധതികള്‍ അട്ടിമറിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ മധ്യമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയബാധിതരെ കണ്ടെത്താനുള്ള ചുമതല ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കരുതെന്നു കഴിഞ്ഞ തവണയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. വീണ്ടും സര്‍ക്കാര്‍ അത് തന്നെ ആവര്‍ത്തിക്കുകയാണ്. കേരളം ഭരിക്കുന്നത് ഉദ്യോഗസ്ഥരല്ല ജനപ്രതിനിധികളാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. പഞ്ചായത്തുകളുടെ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുകയാണ്. കിഫ്ബിയുടെ വികസന പദ്ധതികള്‍ പറയുന്നതല്ലാതെ പത്ത് ശതമാനം പോലും പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലേക്ക് തള്ളി വിടുകയാണ്. സക്രട്ടറിയേറ്റില്‍ ഉപദേശികളെ മുട്ടിയിട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നവീകരണത്തിനായി 38 ലക്ഷം വീണ്ടും ചെലവഴിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.
കഞ്ഞി കുടിക്കാന്‍ പോലും പണമില്ലാതെ ജനങ്ങള്‍ ക്യാംപുകളില്‍ കഴിയുമ്പോള്‍ സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുകയാണ്. ക്യാബിനറ്റ് റാങ്കുകള്‍ വേണ്ടപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നത് മാത്രമാണ് സര്‍ക്കാര്‍ നടത്തുന്ന ഏക പ്രവര്‍ത്തനം. ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും താനെന്ന തിരിച്ചറിവില്‍ പിണറായി വിജയന്‍ കടുംവെട്ട് നടത്തുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പണ്ട് രാജാക്കന്മാര്‍ പാട്ടും വളയും നല്‍കി ആദരിച്ചിരുന്നത് പോലെ വേണ്ടപ്പെട്ടവര്‍ക്ക് പരിതഷികങ്ങള്‍ നല്‍കലാണ് സര്‍ക്കാരിന്റെ പണിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രാദേശിക സി.പി.എം നേതാക്കളുടെ പോലും വായ്പകള്‍ എഴുതിത്തള്ളുകയാണ്.സിപിഎം തെറ്റുതിരുത്തല്‍ ആരംഭിക്കേണ്ടത് പിണറായി വിജയനില്‍ നിന്നാണെന്നു പാര്‍ട്ടി സെക്രട്ടറി തിരിച്ചറിയണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ആവേശം മുഖ്യമന്ത്രിക്കായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ വി തോമസ്, ഹൈബി ഈഡന്‍ എംപി, മുന്‍മന്ത്രിമാരായ കെ സി.ജോസഫ്, കെ ബാബു, കോണ്‍ഗ്രസ് നേതാക്കളായ എന്‍ വേണുഗോപാല്‍, ഡി ഗീത കൃഷ്ണന്‍, അബ്ദുള്‍ മുത്തലിബ്, സുരേഷ് ബാബു, ടി എം സക്കീര്‍ ഹുസ്സൈന്‍, ജമാല്‍ മണക്കാടന്‍, എം എല്‍ എ മാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍, ഡെപ്യുട്ടി മേയര്‍ ടി ജെ. വിനോദ്, ഡൊമിനിക് പ്രെസന്റേഷന്‍, ടോണി ചമ്മിണി, ലതിക സുഭാഷ്, ഇബ്രാഹിംകുട്ടി കല്ലാര്‍, അജയ് തറയില്‍ പങ്കെടുത്തു.