തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് : കെ റെയിലിനും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള താക്കീതായി മാറുമെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ ജനങ്ങളുടെ വികാരങ്ങള്‍ ഏറ്റെടുത്തുകൊണ്ട തൃക്കാക്കരയിലെ ജനങ്ങള്‍ പിണറായി വിജയന്റെ അഹങ്കാരത്തിനും ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും കെ റെയിലിനും എതിരായി തിരിച്ചടി നല്‍കും

Update: 2022-05-09 10:52 GMT

കൊച്ചി: കേരളത്തിലെ ദുര്‍ഭരണത്തിനെതിരെയുള്ള താക്കീതായിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളുടെ വികാരങ്ങള്‍ ഏറ്റെടുത്തുകൊണ്ട തൃക്കാക്കരയിലെ ജനങ്ങള്‍ പിണറായി വിജയന്റെ അഹങ്കാരത്തിനും ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും കെ റെയിലിനും എതിരായി നല്‍കാന്‍ പോകുന്ന കനത്ത താക്കീതായിരിക്കും എന്ന് തങ്ങള്‍ വിശ്വസിക്കുന്നു. യുഡിഎഫിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും എന്ന ശുഭപ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ട്വന്റി20 കഴിഞ്ഞ തവണ അവര്‍ കുറെ വോട്ട് പിടിച്ചതാണ്. ഇത്തവണ അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തിടത്തോളം കാലം അനുകൂലമായി മാറും എന്ന വിശ്വാസമാണ് തങ്ങള്‍ക്കുള്ളത്.എറണാകുളത്തിന് വേണ്ടി എന്ത് വികസനമാണ് എല്‍ഡിഎഫ് നടത്തിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ ഒരു മന്ത്രി പോലുമില്ലായിരുന്നു. അഞ്ചുവര്‍ഷക്കാലം എന്തെങ്കിലും ഒരു വികസനപദ്ധതി എറണാകുളത്തിന് വേണ്ടി ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ഇനിയൊന്നു ചെയ്യുമെന്നുള്ള പ്രതീക്ഷയുമില്ല. കേരളത്തില്‍, പ്രത്യേകിച്ച് വികസനം ഉണ്ടാക്കിയിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരുകളാണ്. അത് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ യുഡിഎഫിന്റെ വികസനസമീപനം ശരിക്കും ബോധ്യപ്പെടുന്ന ജനവിഭാഗമാണ് എറണാകുളം ജില്ലയിലുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ റെയില്‍ ഒരു പ്രധാനപ്പെട്ട വിഷയം തന്നെയാണ്. ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുന്ന, ലക്ഷക്കണക്കിന് പാവങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതിയാണിത്. ഇപ്പോള്‍ പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ്? മോദി പെട്രോളിനും ഡീസലിനും അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ സമയത്ത് വില കൂട്ടാത്തതുപോലെ, തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് ഉണ്ടായതുകൊണ്ടാണ് കല്ലിടല്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഇത് കഴിഞ്ഞാല്‍ അത് വീണ്ടും ആരംഭിക്കും. കെ റെയിലിനെ താന്‍ വിളിക്കുന്നത് കൊല റെയില്‍ എന്നാണ്. കൊല റെയിലിന് ജനങ്ങള്‍ അനുകൂലമാണോ അല്ലയോ എന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഎം എല്ലാ തിരഞ്ഞെടുപ്പുകളും വര്‍ഗീയവല്‍കരിക്കാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയാണ്. ഈ തിരഞ്ഞെടുപ്പിലും വര്‍ഗീയത ആളിക്കത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ തൃക്കാക്കരയിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അവര്‍ രാഷ്ട്രീയമായിത്തന്നെ ഈ തിരഞ്ഞെടുപ്പിനെ നേരിടും. രാഷ്ട്രീയമായി യുഡിഎഫിന് അനുകൂലമായി അവര്‍ ചിന്തിക്കും. സിപിഎമ്മിന്റെ വര്‍ഗീയ പ്രീണനമൊന്നും ഇവിടെ നടക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.കുക്കിങ് ഗ്യാസിന് ആയിരം രൂപ വില വര്‍ധിപ്പിച്ചിട്ട് ബിജെപി എന്തിനാണ് വോട്ട് ചോദിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ദിവസം പെട്രോളിന് ഡീസലിനും വില വര്‍ധിപ്പിക്കുന്നു. കുക്കിങ് ഗ്യാസ് വില 1056 ആക്കുന്നു.കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News