തദ്ദേശ തിരഞ്ഞെടുപ്പ്: വിപ്പ് ലംഘിച്ചവര്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്
കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരുടെ അംഗത്വം റദ്ദാക്കുന്നതു സംബന്ധിച്ച നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്റെയും ഉപാധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നല്‍കിയ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്.
നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സൗകര്യമൊരുക്കി സ്വന്തം വോട്ട് അസാധുവാക്കിയ കൗണ്‍സിലര്‍ ജി സുകുമാരി, തിരുപുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കാതെ അസാധുവാക്കിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എല്‍ ക്രിസ്തുദാസ്, വിളപ്പില്‍ ഗ്രാമപ്പഞ്ചായത്തില്‍ ബിജെപി നിര്‍ത്തിയ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കിയ കാരോട് വാര്‍ഡ് മെംബര്‍ വി ആര്‍ അനീഷ് എന്നിവര്‍ക്ക് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരുടെ അംഗത്വം റദ്ദാക്കുന്നതു സംബന്ധിച്ച നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. വി ആര്‍ അനീഷിനെ കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കിയിട്ടുണ്ട്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച എ നിഹാസിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.