കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച, അന്തിമ തീരുമാനമാവാതെ മൂന്ന് മണ്ഡലങ്ങൾ; രാത്രി വൈകിയും യോഗം
തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നേക്കും. സ്‌ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ ചര്‍ച്ചക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡല്‍ഹിയിലെത്തും. രാഹുല്‍ ഗാന്ധിയടക്കം 15 സിറ്റിങ് എംപിമാരുടെ പേരാണ് പട്ടികയിലുള്ളത്. ഇന്നലെ രാത്രി വൈകി തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ചര്‍ച്ച ചെയ്തത്. ആലപ്പുഴ, കണ്ണൂര്‍, വയനാട് സീറ്റുകളില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
വയനാട്, കണ്ണൂര്‍, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം തുടരുകയാണ്. വയനാട്ടില്‍ അഭിപ്രായം പറയേണ്ടത് രാഹുല്‍ ഗാന്ധിയാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുല്‍ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം ആലോചിക്കുന്നതില്‍ തെറ്റില്ലെന്നാണ് നിലവില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം. രാഹുല്‍ മത്സരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.
കണ്ണൂരില്‍ സുധാകരന്‍ ഉണ്ടെന്നും ഇല്ലെന്നും പ്രചരിക്കുന്നുണ്ട്. മത്സരിക്കണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വരുമെന്നതിനാല്‍ സുധാകരന് നേരിയ വിമുഖതയുണ്ട്. അനുയായിയെ പിന്‍ഗാമിയാക്കണമെന്ന് ആവശ്യപ്പെട്ടാലും പാര്‍ട്ടി അംഗീകരിക്കണമെന്നില്ല.ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിക്കാന്‍ തയ്യാറാണ്. ഹൈക്കമാന്‍ഡ് പക്ഷേ ഇതുവരെ അനുമതി നല്‍കിയില്ല. ഇക്കാര്യത്തിലും തീരുമാനം ആകാത്തതിനാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് ആഴത്തിലുള്ള ആലോചന പാര്‍ട്ടിക്ക് നടത്താനും കഴിയുന്നില്ല. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും വീണ്ടും മത്സരിക്കുന്നതിലും പാര്‍ട്ടിയില്‍ ഭിന്നഭിപ്രായമുണ്ട്. 9 തവണ മത്സരിച്ച കൊടിക്കുന്നിലിനെ മാറ്റുന്നതാകും നല്ലതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ജയ സാധ്യത ചൂണ്ടിക്കാട്ടി, പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കും കുരുക്കുണ്ട്.