മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച സർവകക്ഷി യോഗത്തിൽ സ്ഥലസൗകര്യത്തെ ചൊല്ലി തർക്കം
യോഗം നടക്കുന്ന കാബിനിൽ ആവശ്യത്തിന് സ്ഥലസൗകര്യങ്ങളില്ലെന്ന പരാതിയാണ് വാക്കു തർക്കത്തിലേക്ക് നയിച്ചത്. 11 രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിളിച്ച സർവകക്ഷി യോഗത്തിൽ സ്ഥലസൗകര്യത്തെ ചൊല്ലി തർക്കം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാബിനിൽ യോഗം വിളിച്ചത്. കാബിനിൽ ആവശ്യത്തിന് സ്ഥലസൗകര്യങ്ങളില്ലെന്ന പരാതിയാണ് വാക്കു തർക്കത്തിലേക്ക് നയിച്ചത്. 11 രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയും നേതാവായ പദ്മകുമാറുമാണ് ആദ്യം പരാതി ഉന്നയിച്ചത്. ഇതു പിന്നീട് വാങ്ങുതർക്കത്തിലേക്ക് നീണ്ടു. പിന്നാലെയെത്തിയ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ ഉൾപ്പടെ മറ്റ് പാർട്ടി നേതാക്കളും ഇതേ പരാതി ഉന്നയിച്ചു. എന്നാൽ ഇതെല്ലാം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിരസിച്ചു.
തർക്കങ്ങൾക്കൊടുവിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ക്യാബിനിൽ തന്നെ യോഗം ആരംഭിക്കുകയായിരുന്നു. ശബരിമല വിഷയം ഉപയോഗിക്കുന്നത് ചട്ടലംഘനമാകുമെന്നാണ് ടിക്കാറാം മീണ നേരത്തെ പറഞ്ഞിരുന്നു. ഈ വിഷയം യോഗത്തിൽ ഉന്നയിക്കുമെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കി.