കണ്ണൂരിലെ കള്ളവോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് തേടി
ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റകൃത്യമാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റകൃത്യമാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്,കണ്ണൂര്‍ ജില്ലാ കലക്ടര്‍മാരില്‍ നിന്നും ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍മാരില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കാസര്‍കോട് മണ്ഡലത്തിലുള്‍പ്പെട്ട കണ്ണൂര്‍ പിലാത്തറ ബൂത്തില്‍ കള്ളവോട്ട് നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വനിതാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവുമടക്കമുള്ള ആളുകള്‍ ഒന്നിലേറെത്തവണ വോട്ട് ചെയ്യുന്നതും ആളുമാറി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇവിടെ കള്ളവോട്ട് നടന്നതെന്നും ഇക്കാര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.