കള്ളവോട്ട് സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലി; വനിതാ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടുന്നത് ഭീഷണിപ്പെടുത്താനെന്നും കെ സുധാകരന്‍
കണ്ണൂര്‍: കള്ളവോട്ട് സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയാണെന്നും വനിതാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത് ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യാനാണെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇടതുപക്ഷം ഭരിക്കുന്ന കാലയളവില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള കള്ളവോട്ട് എന്നും ഉണ്ടായിട്ടുണ്ട്. ഏത് വിധേനയും ജയിക്കുകയെന്ന രീതിയാണ് സിപിഎമ്മിനെന്നും സുധാകരന്‍ പറഞ്ഞു. പയ്യന്നൂര്‍ പോലെയുള്ള സ്ഥലങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. അവരെ ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യാനാണിത്. ആന്തൂരിലും പാപ്പിനിശ്ശേരിയിലുമൊക്കെ സ്ത്രീ ജീവനക്കാര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും. സ്ത്രീ ജീവനക്കാര്‍ക്ക് എത്ര മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയും. ഒന്ന് ശബ്ദമുയര്‍ത്തിയാല്‍ അവര്‍ നിശബ്ദരാവില്ലേയെന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
80 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വോട്ടിന്റെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. തപാല്‍ വോട്ട് ശേഖരിച്ച് പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങുന്നത്. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പോലും ഇല്ലെന്നും പേരാവൂര്‍ സംഭവത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സംവിധാനം ആകെ ലോക്ക് ചെയ്തിരിക്കുകയാണ്. ആവശ്യത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ മാറ്റുന്നു. ഇടത് അനുഭാവികള്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. കള്ളവോട്ടിന് പ്രതിക്കൂട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ ഡ്യൂട്ടിയില്‍ ഉണ്ട്. 95 ശതമാനം ഉദ്യോഗസ്ഥരും ഇടത് ആഭിമുഖ്യമുള്ളവരാണെന്നും കെ സുധാകരന്‍ പറഞ്ഞു.
Fake vote: K sudhakaran against CPM