കാനം പിന്മാറി; സിപിഐ സ്ഥാനാര്‍ഥി പട്ടികയായി
തിരുവനന്തപുരത്ത് സി ദിവാകരന്‍ എംഎല്‍എയും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും മല്‍സരിക്കും. തൃശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പി പി സുനീറും മല്‍സരിക്കാനും ധാരണയായി.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സിപിഐ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായി. തിരുവനന്തപുരത്ത് സി ദിവാകരന്‍ എംഎല്‍എയും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും മല്‍സരിക്കും. തൃശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പി പി സുനീറും മല്‍സരിക്കാനും ധാരണയായി. ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവും ഇന്നുചേര്‍ന്ന സംസ്ഥാന കൗണ്‍സിലും ജില്ലാകമ്മിറ്റികള്‍ നല്‍കിയ പട്ടികകള്‍ വിലയിരുത്തിയാണ് ധാരണയിലെത്തിയത്. തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്‍മാറിയതോടെയാണ് ദിവാകരന് നറുക്കുവീണത്. മല്‍സരരംഗത്തേക്കില്ലെന്ന് കാനം നേതൃയോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു.
5, 6, 7 തീയതികളില്‍ ചേരുന്ന പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റും എക്‌സിക്യൂട്ടീവും സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. സ്ഥാനാര്‍ഥികളുടെ ആദ്യ സാധ്യതാപട്ടിക കഴിഞ്ഞ ദിവസമാണ് ജില്ലാ നേതൃത്വം സംസ്ഥാന സമിതിക്ക് കൈമാറിയത്. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി ദിവാകരന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ എന്നിവരും തൃശൂരില്‍ സി എന്‍ ജയദേവന്‍, കെ പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരുമായിരുന്നു പരിഗണനയില്‍. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും വയനാട് സത്യന്‍ മൊകേരി, സി എന്‍ ചന്ദ്രന്‍, പി പി സുനീര്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിരുന്നു. മന്ത്രി വി എസ് സുനില്‍കുമാറിന്റെ പേരും തൃശൂരില്‍ ഉയര്‍ന്നുവന്നിരുന്നു.