കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരെ അടിയന്തിരമായി പുനരധിവസിപ്പിക്കണം: കെകെ രമ
കടല്‍ക്ഷോഭത്തിന്റെ പേരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനര്‍ഗേഹം പദ്ധതി മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതാണ്. സര്‍ക്കാര്‍ നല്‍കുന്ന 10 ലക്ഷം രൂപ കൊണ്ട് തീരത്ത് ഒരിടത്തും സ്ഥലം വാങ്ങി വീടുവെക്കാന്‍ കഴിയില്ല.
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് കാംപുകളില്‍ ദുരിതത്തില്‍ കഴിയുന്ന വരെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്ന് കെകെ രമ എംഎല്‍എ. തീരദേശ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി തീരഭൂസംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍ കെട്ടിയുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പുനര്‍ഗേഹം പദ്ധതി മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതാണ്. പത്തുലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ കേരളത്തിലെ ഏതെങ്കിലും തീരത്ത് കഴിയുമോയെന്ന് കെകെ രമ ചോദിച്ചു. കാടിന്റെ അവകാശം ആദിവാസികള്‍ക്ക് എന്ന പോലെ കടലിന്റെയും തീരത്തിന്റെയും അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് കെകെ രമ എംഎല്‍എ ആവശ്യപ്പെട്ടു.
ഏതാനും മാസം മുമ്പുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലും വീടും ഉപജീവന മാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട് മൂവായിരത്തോളം പേര്‍ ദുരിതാശ്വാസ കാംപുകളിലും ബന്ധുവീടുകളിലും അഭയാര്‍ത്ഥികളായി കഴിയുകയാണ്. കൊറോണാ വ്യാപനത്തിന്റെ സാഹചര്യത്തില്‍, നിരവധി കുടുംബങ്ങള്‍ കാംപുകളില്‍ തിങ്ങി ഞെരുങ്ങിക്കഴിയുന്നത് അപകടകരമാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നില്ല. ഈ വിഷയമുന്നയിച്ച് ഫിഷറീസ് വകുപ്പ് മന്ത്രിക്ക് തീരഭൂസംരക്ഷണ വേദി നിവേദനം സമര്‍പ്പിച്ചിരുന്നു. ഒരു നടപടിയുമുണ്ടായിട്ടില്ല.
കടല്‍ക്ഷോഭത്തിന്റെ പേരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനര്‍ഗേഹം പദ്ധതി മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതാണ്. സര്‍ക്കാര്‍ നല്‍കുന്ന 10 ലക്ഷം രൂപ കൊണ്ട് തീരത്ത് ഒരിടത്തും സ്ഥലം വാങ്ങി വീടുവെക്കാന്‍ കഴിയില്ല. സഹായധനത്തിന്റെ ആദ്യ ഗഡു കൈപ്പറ്റി ഒരു വര്‍ഷത്തിനകം വീടുവെച്ചില്ലെങ്കില്‍ പതിനെട്ടു ശതാമാനം പലിശയോടെ തുക തിരിച്ചുപിടിക്കുമെന്ന വ്യവസ്ഥ തീര ജനതയെ കടക്കെണിയിലേക്ക് എറിയുന്നതാണ്.
കൊവിഡിന്റെ മറവില്‍ ഭരണകൂട ഭീകരതയാണ് സര്‍കാര്‍ അഴിച്ചുവിടുന്നത്. കേരളത്തില്‍ നിരവധിയിടങ്ങളില്‍ മത്സ്യ വിപണനം നടത്തുന്ന സ്ത്രീകളെ അക്രമിക്കാനും കള്ളക്കേസുകള്‍ ചുമത്താനുമാണ് പോലിസും സര്‍ക്കാര്‍ സംവിധാനങ്ങളും ശ്രമിക്കുന്നത്. ദുരന്ത വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജീവിതം വഴിമുട്ടുന്ന മനുഷ്യരെ ശത്രുതാപരമായി കാണുന്ന നയം തിരുത്തണം.
കാടിന്റെ അവകാശം ആദിവാസികള്‍ക്ക് എന്ന പോലെ തീരത്തിന്റെ അവകാശം തീര ജനതയ്ക്ക് അവകാശപ്പെട്ടതാണ്. അതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതിന് പകരം തീരുത്തുനിന്ന് തീര ജനതയെ കുടിയൊഴിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്കും ടൂറിസം മാഫിയകള്‍ക്കും വീതിച്ചു നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഈ നയങ്ങള്‍ക്കെതിരെ തുടര്‍ന്നു നടത്തുന്ന സമരത്തിന്റെ തുടക്കമായാണ് സെക്രട്ടറിയേറ്റിന് മുന്നിലെ കുടില്‍ കെട്ടി പ്രതിഷേധ സമരം നടത്തുന്നതെന്ന് തീരഭൂസംരക്ഷണ വേദി നേതാക്കള്‍ വ്യക്തമാക്കി.
തീരഭൂ സംരക്ഷണ വേദി ചെയര്‍പെഴ്‌സണ്‍ മാഗ്ലില്‍ ഫിലോമിന അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സിന്ധൂര എസ്, വൈസ് ചെയര്‍മാന്‍ കെപി പ്രകാശന്‍, സേവ്യര്‍ ലോപ്പസ്, ഗസാലി മലപ്പുറം, സുധി ലാല്‍ തൃക്കുന്നപ്പുഴ, ടിഎല്‍ സന്തോഷ് തൃശൂര്‍,ബിജു കണ്ണങ്ങനാട്ട് എറണാകുളം, നാസര്‍ ആറാട്ടുപുഴ, ഹെന്‍ട്രി വിന്‍സന്റ് തിരുവനന്തപുരം സംസാരിച്ചു.