'ലവ് ജിഹാദ്' ആരോപണം സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢതന്ത്രമെന്ന് അതിരൂപത അല്‍മായ മുന്നേറ്റം

കേരളത്തില്‍ നടക്കുന്ന മിശ്രവിവാഹങ്ങളില്‍ 75% വും ഹിന്ദു-ക്രിസ്ത്യന്‍ വിവാഹങ്ങള്‍ ആണ് അതിനെ കുറിച്ച് ഒന്നും പറയാതെ 25% വരുന്ന മുസ് ലിം-ക്രിസ്ത്യന്‍ വിവാഹത്തെ കുറിച്ച് പറയുന്നതില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അല്‍മായ മുന്നേറ്റം ആരോപിച്ചു.സഭ നേരിടുന്ന നിരവധി ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഒന്നിനെയും അഭിസംബോധന ചെയ്യാതെ 'ലവ് ജിഹാദ്' ഒരു വലിയ സംഭവമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക വഴി സഭാ സിനഡ് സ്വയം ചെറുതാകുകയാണ് ചെയ്തതെന്നും അല്‍മായ മുന്നേറ്റം പറഞ്ഞു

Update: 2020-01-17 12:33 GMT

കൊച്ചി: പൗരത്വനിയമം പോലെ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ പോലും കൃത്യമായി പ്രതികരിക്കാത്ത സീറോ മലബാര്‍ സഭാ സിനഡ് 'ലവ് ജിഹാദ്' വിഷയം ഉന്നയിച്ചു സര്‍ക്കുലര്‍ ഇറക്കിയത് സഭ നേരിടുന്ന ആഭ്യന്തര വിഷയങ്ങളില്‍ നിന്ന് വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഡശ്രമമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതിയിലെ വിശ്വാസികളുടെ കൂട്ടായ്മയായ അതിരൂപത അല്‍മായ മൂന്നേറ്റം ആരോപിച്ചു. കേരളത്തില്‍ നടക്കുന്ന മിശ്രവിവാഹങ്ങളില്‍ 75% വും ഹിന്ദു-ക്രിസ്ത്യന്‍ വിവാഹങ്ങള്‍ ആണ് അതിനെ കുറിച്ച് ഒന്നും പറയാതെ 25% വരുന്ന മുസ് ലിം-ക്രിസ്ത്യന്‍ വിവാഹത്തെ കുറിച്ച് പറയുന്നതില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അല്‍മായ മുന്നേറ്റം ആരോപിച്ചു.

സഭ നേരിടുന്ന നിരവധി ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഒന്നിനെയും അഭിസംബോധന ചെയ്യാതെ 'ലവ് ജിഹാദ്' ഒരു വലിയ സംഭവമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക വഴി സഭാ സിനഡ് സ്വയം ചെറുതാകുകയാണ് ചെയ്തതെന്നും അല്‍മായ മുന്നേറ്റം പറഞ്ഞു. സഭയില്‍ ഒരു കാലഘട്ടത്തിലും കണ്ടിട്ടില്ലാത്ത വിധം അഴിമതി, സാമ്പത്തിക ക്രമക്കേട്, ഭൂമി കുംഭകോണം, മെത്രാന്മാരും വൈദീകരും ഉള്‍പ്പെടെയുള്ള ലൈംഗിക പീഡന-ബലാല്‍ സംഗം പോലുള്ള ആരോപണങ്ങള്‍, വൈദീകരും ഒരു മെത്രാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ ആവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഇതൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ട് ഒരു തെളിവ് പോലും ഇല്ലാത്ത 'ലവ് ജിഹാദ്'എന്ന വിഷയം ഉയര്‍ത്തികൊണ്ട് വരുന്നത് കേരളത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം നശിപ്പിക്കാനും വര്‍ഗീയ വേര്‍തിരിവിനും കാരണമാവുമെന്നും അല്‍മായ മുന്നേറ്റം മുന്നറിയിപ്പ് നല്‍കി.

എറണാകുളം-അങ്കമാലി അതിരൂപത വൈദീക സമിതി സെക്രട്ടറി ഡോ.കുര്യാക്കോസ്് മുണ്ടാടന്‍ 'സത്യദീപത്തില്‍' ലവ് ജിഹാദ് സര്‍ക്കുലര്‍ വിഷയത്തില്‍ തന്റെ അഭിപ്രായ സ്വാതന്ത്ര്യം അനുസരിച്ച് ലേഖനം എഴുതിയതിനെ ചില മേഖലയില്‍ വളരെ മോശമായി പ്രതികരണം നടത്തുകയും 'സത്യദീപം' കത്തിക്കുകയും ചെയ്ത് പ്രതിഷേധാര്‍ഹമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഏതൊരു പൗരന്റെയും കടമയാണ് അതിനെ ഹനിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നയം തന്നെയാണ് സഭയിലെ ചില സംഘടനകളെ ഉപയോഗിച്ച് ചിലര്‍ നടത്തുന്നത് ഇത് നിര്‍ത്തണമെന്നും അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍,വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News