ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത് ഡിസംബര്‍ രണ്ടോടെ തമിഴ്നാട്- പുതുച്ചേരി തീരത്തേക്ക് കടക്കുമെന്നാണു കരുതുന്നത്. ദക്ഷിണ ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദ്ദനത്തിന്റെ സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെയാണ് തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങുന്നത്.

Update: 2020-11-29 04:57 GMT

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വരുംദിവസങ്ങളില്‍ കൂടുതല്‍ തീവ്രമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത് ഡിസംബര്‍ രണ്ടോടെ തമിഴ്നാട്- പുതുച്ചേരി തീരത്തേക്ക് കടക്കുമെന്നാണു കരുതുന്നത്. ദക്ഷിണ ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദ്ദനത്തിന്റെ സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെയാണ് തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങുന്നത്. ഡിസംബര്‍ രണ്ടിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്ഥിതി പരിശോധിച്ചശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഡിസംബര്‍ മൂന്നുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്. ചൊവ്വാഴ്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 വരെ മില്ലിമീറ്റര്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.

ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ഡിസംബര്‍ രണ്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടാണ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ ആന്തമാന്‍ കടല്‍, തെക്കന്‍ ആന്ധ്ര തീരം, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരങ്ങള്‍ എന്നിവിടങ്ങളില്‍ മല്‍സ്യബന്ധനത്തിനു പോവരുതെന്നാണ് മുന്നറിയിപ്പ്.

Tags:    

Similar News