ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡല്‍ഹിയില്‍ രണ്ടുദിവസം കൂടി നേരിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
13ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 14ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 15ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത മഴയില്‍ തലസ്ഥാന നഗരത്തില്‍ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ചില വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. നരേളയില്‍ പഴയ കെട്ടിടം തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. 77 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ സപ്തംബറില്‍ ഇത്രയധികം മഴ ലഭിക്കുന്നത്. ഇന്നലെ വരെ ലഭിച്ചത് 383.4 മിമി മഴയാണ്. ഈ മാസം 17, 18 തിയ്യതികളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.