തിരഞ്ഞെടുപ്പിലെ തോല്‍വി: കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു; കെപിസിസി രാജ്ഭവന്‍ മാര്‍ച്ച് മാറ്റി, നേതൃത്വത്തിനെതിരേ തിരുവനന്തപുരത്തും കോഴിക്കോടും പോസ്റ്ററുകള്‍

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംഘടനാ തലത്തിലെ വീഴ്ച ഉയര്‍ത്തിക്കാട്ടി നിരവധി നേതാക്കള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് നേതൃത്വത്തെ പേരെടുത്ത് വിമര്‍ശിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ അടക്കം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Update: 2020-12-17 06:17 GMT

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായെന്നും സീറ്റ് കച്ചവടം നടത്തിയെന്നുമാരോപിച്ചാണ് നേതൃത്വത്തിനെതിരേ കലാപമുയരുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംഘടനാ തലത്തിലെ വീഴ്ച ഉയര്‍ത്തിക്കാട്ടി നിരവധി നേതാക്കള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് നേതൃത്വത്തെ പേരെടുത്ത് വിമര്‍ശിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ അടക്കം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം വ്യാഴാഴ്ച ചേരാനിരിക്കെയാണു അണികളുടെ പോസ്റ്റര്‍ പ്രതിഷേധം. തിരുവനന്തപുരം കോര്‍പറേഷനിലെ ദയനീയ പരാജയത്തില്‍ നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടാണു ആദ്യം പോസ്റ്ററുകള്‍ പതിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു പോസ്റ്ററുകള്‍. സീറ്റ് വില്‍ക്കാന്‍ കൂട്ടുനിന്ന നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം. മുന്‍മന്ത്രി വി എസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരുപറഞ്ഞാണു പോസ്റ്ററിലെ ആരോപണങ്ങള്‍.

ഡിസിസി പിരിച്ചുവിടണമെന്നും പോസ്റ്ററില്‍ ആവശ്യമുണ്ട്. കെപിസിസി ആസ്ഥാനം കൂടാതെ തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 100 അംഗ തിരുവനന്തപുരം കോര്‍പറേഷനില്‍ 10 സീറ്റ് മാത്രമാണു കോണ്‍ഗ്രസിന് നേടാനായത്. ഇതാണ് അണികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടാണ് പോസ്റ്റര്‍. കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍.

കോഴിക്കോട് നഗരത്തിലാണ് മുരളീധരനെ പിന്തുണച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ആരാണു ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കും പോസ്റ്ററുകള്‍ക്കും പിന്നിലെന്ന് വ്യക്തമായിട്ടില്ല. അതിനിടെ, കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള കെപിസിസി രാജ്ഭവന്‍ മാര്‍ച്ച് മാറ്റി. തിരുവനന്തപുരം ഡിസിസിയാണ് മാര്‍ച്ച് സംഘടിപ്പിക്കേണ്ടിയിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്കു പിന്നാലെ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ടു കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകള്‍ പതിപ്പിച്ചതിനു പിന്നാലെയാണ് മാര്‍ച്ച് മാറ്റുന്നത്.

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ വീണ്ടും രംഗത്തെത്തി. നേതാക്കള്‍ക്ക് കഴിവില്ലാത്തതുകൊണ്ടാണു കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്കു പോവുന്നതെന്നാണ് സുധാകരന്റെ വിമര്‍ശനം. ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്കുണ്ട്. ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ വിഷയങ്ങള്‍ ധരിപ്പിക്കും. തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണ്. ശുപാര്‍ശകള്‍ക്കും വ്യക്തിതാത്പര്യങ്ങള്‍ക്കും അതീതമായ നേതൃനിര വേണമെന്നും അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

ഫലം വന്നതിന് പിന്നാലെയും സുധാകരന്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചിരുന്നു. ഇത്രയും അനുകൂല രാഷ്ട്രീയസാഹചര്യം കേരളത്തിലുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. കെപിസിസിയുടെ അടച്ചിട്ട മുറിയില്‍ ഇരുന്ന് നാലുപേര്‍ മാത്രം തീരുമാനിച്ചാല്‍ പാര്‍ട്ടി വിജയിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രതികരണം. തന്നോടുപോലും ആലോചിക്കാതെയാണ് തിരുവനന്തപുരത്തെയും വടകരയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. വിളിക്കാത്ത സദ്യ ഉണ്ണാന്‍ പോവുന്ന സ്വഭാവം തനിക്കില്ല. അതുകൊണ്ട് അങ്ങോട്ടുപോയില്ലെന്നും മുരളി പറഞ്ഞു.

Tags:    

Similar News