സംഘപരിവാര്‍ ഭീഷണി; 'സിദ്ദീഖ് കാപ്പന്‍ അഭിപ്രായ സ്വാതന്ത്ര്യസംരക്ഷണ സമ്മേളനം' മാറ്റി
കോഴിക്കോട്: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജയില്‍വാസത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ കോഴിക്കോട് സംഘടിപ്പിക്കാനിരുന്ന പരിപാടി സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാറ്റിവച്ചു. കോഴിക്കോട് പൗരാവകാശ വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്താനിരുന്ന 'സിദ്ദീഖ് കാപ്പന്‍ തടവറയില്‍ രണ്ടുവര്‍ഷം, അഭിപ്രായ സ്വാതന്ത്ര്യസംരക്ഷണ സമ്മേളന'മാണ് മാറ്റിയത്. സിദ്ദീഖ് കാപ്പന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന പരിപാടിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തി ഭീഷണി മുഴക്കിയിരുന്നു.
പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് ജനപ്രതിനിധികള്‍ മാറിനില്‍ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പരിപാടിക്കെതിരേ ബിജെപി നേതൃത്വം ഡിജിപിക്കും എന്‍ഐഎയ്ക്കും പരാതിയും നല്‍കിയിരുന്നു. ബിജെപിയുടെ ഭീഷണി മുന്‍നിര്‍ത്തി പരിപാടി മാറ്റിവയ്ക്കണമെന്ന് പോലിസ് സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു. പോലിസിന്റെ അഭ്യര്‍ഥന മാനിച്ചാണ് പരിപാടി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി തങ്ങളായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ കെ കെ രമ, പി ഉബൈദുല്ല എംഎല്‍എ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല, എ വാസു, കെ പി നൗഷാദ് അലി, പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കളായ അഞ്ജന ശശി, എം ഫിറോസ് ഖാന്‍, കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി അധ്യക്ഷന്‍ എന്‍ പി ചെക്കുട്ടി, സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് കാപ്പന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കാനിരുന്നത്.
നിയമപരമായ പോരാട്ടം തുടരുമെന്നും സിദ്ദിഖിനും കുടുംബത്തിനുമൊപ്പം നിലകൊള്ളുമെന്നും സംഘാടക സമിതി ഭാരവാഹിയായ അംബിക ഫേസ്ബുക്കില്‍ കുറിച്ചു. 'ഞങ്ങള്‍ക്ക് പ്രധാനം സിദ്ദിഖിന്റെ മോചനമാണ്. ഒരു മാധ്യമപ്രവര്‍ത്തകനെ അന്യായമായി രണ്ടുവര്‍ഷമായി ജയിലിലിടച്ചതില്‍ പ്രതിഷേധിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും അദ്ദേഹത്തിന്റെ ഉറ്റവരുടെയും ജനാധിപത്യ അവകാശം നിഷേധിച്ച ഈ നടപടി ഈ 'ഇടത് മതേതര, ഭരണം നടക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലാണെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സിദ്ദിഖിന്റെ മോചനം തന്നയാണ് പ്രധാനം. നിയമപരമായ പോരാട്ടം തുടരും. സിദ്ദിഖിനും കുടുംബത്തിനുമൊപ്പം'- അംബിക കുറിച്ചു.