കെഎം ബഷീറിന്റെ കുടുംബത്തിന് എംഎ യൂസഫലി പ്രഖ്യാപിച്ച സഹായം കൈമാറി

Update: 2019-08-07 13:14 GMT

തിരൂര്‍: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് ഓടിച്ച കാറിടിച്ചു മരിച്ച സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ കുടുംബത്തിനു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി നല്‍കുമെന്നു പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. ഭാര്യയും രണ്ട് പിഞ്ച് കുട്ടികളുമടങ്ങുന്ന ബഷീറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നു കഴിഞ്ഞ ദിവസം യൂസുഫലി പ്രഖ്യാപിച്ചിരുന്നു. ഈ തുകയാണ് ഇപ്പോള്‍ കൈമാറിയത്. യൂസഫലിക്കുവേണ്ടി സെക്രട്ടറി ഇഎ. ഹാരീസ്, ലുലു ഗ്രൂപ്പ് മിഡീയ കോഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് എന്നിവര്‍ ചേര്‍ന്നാണ് ബഷീറിന്റെ ഭാര്യ ജെസിലയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകള്‍ക്കു കൈമാറിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് മദ്യലഹരിയില്‍ ശ്രീറാം അമിത വേഗത്തില്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ മരിച്ചത്. തുടര്‍ന്ന് മാധ്യമങ്ങള്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതോടെയാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്യാനും, റിമാന്‍ഡ് ചെയ്യാനും പോലിസ് തയ്യാറായത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ പോലിസടക്കം ശ്രമം നടത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. പോലിസ് അന്വേഷണത്തില്‍ കെ എം ബഷീറിന്റെ കുടുംബവും സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. 

Tags:    

Similar News