കൊവിഡ്: മരിച്ച മാഹി സ്വദേശിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍; രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യമന്ത്രി

സ്വകാര്യാശുപത്രിയില്‍ വച്ചുതന്നെ ഇയാളുടെ നില അതീവഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പരിയാരം മെഡിക്കല്‍ കേളജിലെത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

Update: 2020-04-11 07:52 GMT

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ച മാഹി സ്വദേശിയായ മഹറൂഫിന് ഗുരുതരമായ മറ്റു ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖങ്ങളുള്ള മഹറൂഫ് തലശ്ശേരിയിലാണ് ചികില്‍സ തേടിയിരുന്നത്. പിന്നീട് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഇയാളെ അവിടെ നിന്നാണ് കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റിയത്. സ്വകാര്യാശുപത്രിയില്‍ വച്ചുതന്നെ ഇയാളുടെ നില അതീവഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പരിയാരം മെഡിക്കല്‍ കേളജിലെത്തിച്ചതെന്നും മന്ത്രി പറഞ്ഞു. മരിച്ചയാളുടെ സ്രവപരിശോധന വൈകിയതായ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ഇയാള്‍ ചികില്‍സയ്ക്ക് വന്നതിന് ശേഷം കൃത്യമായ സമയത്തുതന്നെ ചികില്‍സ ലഭിച്ചിട്ടുണ്ട്. ശ്വാസകോശസംബന്ധമായി കേരളത്തിലെ ഏത് ആശുപത്രിയിലെത്തുന്നവരേയും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. അഡ്മിറ്റ് ചെയ്തിരുന്ന സ്വകാര്യാശുപത്രിയിലെയും പരയാരത്തെയും ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തുകയും വേണ്ട നടപടികളെടുക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നു. വൈറസ് ബാധ കണ്ടെത്തുമ്പോള്‍ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഏപ്രില്‍ 1ന് ആസ്റ്റര്‍ മിംസില്‍ സാമ്പിളെടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്. മാഹിയിലെയും കേരളത്തിലെയും ആരോഗ്യപ്രവര്‍ത്തകര്‍ 83 പേരുടെ സമ്പര്‍ക്കപ്പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ട്.

കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവായത് വലിയ ആശ്വാസമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ചികില്‍സ തേടി എന്നതിനപ്പുറം മാഹി സ്വദേശിയാണ് മെഹറൂഫ്. അതുകൊണ്ടുതന്നെ മരണം എങ്ങനെ രേഖപ്പെടുത്തണമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഇനിയുമെടുക്കേണ്ടതുണ്ട്. കേരളത്തില്‍നിന്നുള്ള രോഗിയല്ലെങ്കിലും മാഹിയിലും പരിസരപ്രദേശങ്ങിലുമായി കേരളത്തില്‍ വ്യാപകമായി സമ്പര്‍ക്കമുണ്ട്. കൊവിഡ് പ്രതിരോധ പ്രയത്‌നങ്ങള്‍ക്ക് ഗുണഫലമുണ്ടാവുന്നുണ്ട്. എന്നാല്‍, പൂര്‍ണമായും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News