അറ്റകുറ്റപ്പണി: കാലടി പാലം 10 ദിവസത്തേക്ക് അടച്ചു; എംസി റോഡില്‍ ഗതാഗത ക്രമീകരണം
കൊച്ചി: അറ്റകുറ്റപ്പണികളുടെ ഭാഗമായി എംസി റോഡില്‍ കാലടി ശ്രീശങ്കര പാലം പത്ത് ദിവസത്തേക്ക് അടച്ചിട്ടു. ഇന്നലെ അര്‍ധ രാത്രി മുതലാണ് അറ്റകുറ്റപ്പണികള്‍ക്ക് മുന്നോടിയായുള്ള വിദഗ്ധപരിശോധനയ്ക്കായി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. ഇതിന്റെ ഭാഗമായി എംസി റോഡില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വരെയാണ് പാലം പൂര്‍ണമായും അടച്ചിടുന്നത്. ആദ്യ മൂന്ന് ദിവസത്തേക്ക് കാല്‍നട യാത്ര പോലും അനുവദിക്കില്ല.
പണികളുടെ പുരോഗതി പരിശോധിച്ച ശേഷമാവും നിയന്ത്രണങ്ങള്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോണ്‍ക്രീറ്റിന്റെ ബലം തുടങ്ങിയവ സംബന്ധിച്ച് പഠിക്കാനാണ് നിയന്ത്രണങ്ങള്‍. പാലം അടച്ചിടുന്ന ദിവസങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
വടക്കുഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ അങ്കമാലിയില്‍നിന്ന് ആലുവ പെരുമ്പാവൂര്‍ വഴിയും തെക്കുഭാഗത്തുനിന്നുള്ളവ പെരുമ്പാവൂരില്‍ നിന്ന് ആലുവ അങ്കമാലി വഴിയും തിരിഞ്ഞുപോവണം. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുന്ന വാഹനങ്ങള്‍ക്ക് പെരുമ്പാവൂര്‍ ആലുവ കെഎസ്ആര്‍ടിസി വഴിയിലൂടെ മാറമ്പള്ളി തിരുവൈരാണിക്കുളം പാലം കടന്നുപോവാം. വാഹനങ്ങള്‍ തിരിഞ്ഞുപോവുന്ന പ്രധാന സ്ഥലങ്ങളില്‍ പോലിസിനെ നിയോഗിക്കുകയും ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.