പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഒമ്പതാം വളവില്‍ ഇന്റര്‍ലോക്ക് പതിപ്പിക്കുന്നതിനാലാണ് ഗതാഗത നിരോധനം. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. അട്ടപ്പാടി ചുരം റോഡുകളില്‍ ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടെങ്കിലും റോഡുകള്‍ പലപ്പോഴും പൊളിയുകയാണ് പതിവ്. ഇതിന് ശ്വാശത പരിഹാരമെന്ന നിലയ്ക്കാണ് ഇന്റര്‍ലോക്ക് പാകുന്നത്.
ഏറെ സങ്കീര്‍ണമായ വളവ് കൂടിയാണ് ഒമ്പതാം വളവ്. ആംബുലന്‍സ്, പോലിസ്, വനം വകുപ്പ്, ഫയര്‍ഫോഴ്‌സ് എന്നീ നാല് വിഭാഗത്തിലെ വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവഴി കടന്നുപോവാന്‍ അനുമതിയുള്ളത്. മറ്റു സര്‍വീസുകളെല്ലാം തന്നെ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. അതേസമയം, മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടി ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ എട്ടാം വളവില്‍ സര്‍വീസ് അവസാനിപ്പിക്കണം. തുടര്‍ന്ന് ഒമ്പതാം വളവ് കഴിഞ്ഞ് മറ്റ് ബസ്സുകള്‍ സര്‍വീസ് തുടങ്ങുകയും ആനക്കെട്ട് വരെ സര്‍വീസ് നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.