മകരവിളക്ക്: മാംസവില്‍പന വിലക്കി യുഡിഎഫ് ഭരിക്കുന്ന ഗ്രാമപ്പഞ്ചായത്ത്
ശബരിമല മകരവിളക്ക് മഹോല്‍സവം പ്രമാണിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോവുന്നതിനാല്‍ വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്തിലുള്ള ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, മല്‍സ്യവ്യാപാരം ചെയ്യുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഈമാസം 13, 14 തിയ്യതികളില്‍ നിര്‍ത്തിവയ്ക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശം.
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോല്‍സവം പ്രമാണിച്ച് പഞ്ചായത്ത് പരിധിയില്‍ മാംസവില്‍പന വിലക്കിക്കൊണ്ട് യുഡിഎഫ് ഭരിക്കുന്ന ഗ്രാമപ്പഞ്ചായത്ത് ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്താണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ശബരിമല മകരവിളക്ക് മഹോല്‍സവം പ്രമാണിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോവുന്നതിനാല്‍ വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്തിലുള്ള ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, മല്‍സ്യവ്യാപാരം ചെയ്യുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഈമാസം 13, 14 തിയ്യതികളില്‍ നിര്‍ത്തിവയ്ക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശം. ആദ്യമായാണ് മകരവിളക്കിനോടനുബന്ധിച്ച് പഞ്ചായത്തില്‍ ഇത്തരത്തില്‍ മാംസവില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തുന്നത്.
നിരോധനത്തിന്റെ ഭാഗമായി വടശ്ശേരിക്കര പഞ്ചായത്ത് പരിധിയിലെ മാംസവില്‍പന കടകള്‍ക്ക് മുന്നില്‍ പഞ്ചായത്ത് ജീവനക്കാര്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതെത്തുടര്‍ന്ന് രണ്ടുദിവസമായി കടകള്‍ അടച്ചിട്ടിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ പതിവില്ലാത്ത നിരോധനം ഏര്‍പ്പെടുത്തിയതിനെതിരേ വ്യാപാരികള്‍ അമര്‍ഷത്തിലാണ്. ശബരിമല മകരവിളക്ക് മഹോല്‍സവം പ്രമാണിച്ച് മല്‍സ്യവില്‍പനയ്ക്ക് മിതത്വം പാലിക്കണമെന്ന പൊതുനിര്‍ദേശം മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കാറുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. ഇത്തവണ മാത്രമാണ് പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ വിചിത്രമായ ഉത്തരവിനെതിരേ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.