അവശനിലയില്‍ പൊള്ളാച്ചിയില്‍ കുടുങ്ങിയ മലയാളിയെ എസ് ഡിപിഐ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു
അവശനിലയില്‍ പൊള്ളാച്ചിയില്‍ ചുറ്റി കറങ്ങുകയായിരുന്ന അര്‍ജുനനെ പൊള്ളാച്ചിയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.
പെരിന്തല്‍മണ്ണ: എസ് ഡിപിഐ കേരള തമിഴ്‌നാട് നേതൃത്വം ഒന്നിച്ച് പ്രവര്‍ത്തിച്ചു. അവശനിലയില്‍ പൊള്ളാച്ചിയില്‍ കുടുങ്ങിയ മലയാളിയായ ഗൃഹനാഥനെ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു. പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിയായ അര്‍ജുന (55)നെയാണ് ചികിത്സ നല്‍കിയ ശേഷം എസ് ഡിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വീടുവിട്ടിറങ്ങിയ അര്‍ജുനന്‍ തമിഴ്‌നാട്ടിലെത്തിയെങ്കിലും ലോക്ക് ഡൗണില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്നിന് നാട്ടിലേക്ക് തിരിച്ചുവരാനാവാതെ അവശനിലയില്‍ പൊള്ളാച്ചിയില്‍ ചുറ്റി കറങ്ങുകയായിരുന്ന അര്‍ജുനനെ പൊള്ളാച്ചിയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കേരള സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിക്ക് അദ്ദേഹത്തിന്റെ വീഡിയോ ഉള്‍പ്പടെ വാട്‌സ് ആപ് വഴി അയച്ചു നല്‍കുകയായിരുന്നു. അര മണിക്കൂറിനുള്ളില്‍ വാട്‌സ് ആപ് സന്ദേശം മലപ്പുറം പെരിന്തല്‍മണ്ണ സംഘടനാ നേതൃത്വത്തിന്റെ കൈകളില്‍ എത്തിയതോടെ അര്‍ജുനന്റെ കക്കുത്തെ വീട്ടില്‍ പിതാവിനെ കുറിച്ചുള്ള ആശ്വാസ വിവരവുമായി പ്രവര്‍ത്തകരെത്തുകയായിരുന്നു.
സാമ്പത്തിക പ്രയാസത്തിലും മറ്റു സാങ്കേതിക നടപടി ക്രമങ്ങളിലും പിതാവിനെ നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുന്നതായി മകന്‍ കണ്ണന്‍ എസ്ഡിപിഐ പെരിന്തല്‍മണ്ണ മേഖലാ സെക്രട്ടറി മുര്‍ഷിദിനോട് പറഞ്ഞതോടെ അര്‍ജുനനെ നാട്ടിലെത്തിക്കാനുള്ള ദൗത്യം പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ ശാരീരികമായി തളര്‍ന്ന അര്‍ജുനനെ എസ്ഡിപിഐ പൊള്ളാച്ചി ഏരിയ പ്രസിഡന്റ് പീര്‍ മുഹമ്മദ്, സാദിഖ് അബു താഹിര്‍, ചാന്ദ് മുഹമ്മദ്, ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 4ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് പെരിന്തല്‍മണ്ണയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഉച്ചക്ക് 12 ഓടെ പൊള്ളാച്ചിയിലെത്തി. വൈകുന്നേരത്തോടെ പെരിന്തല്‍മണ്ണയില്‍ തിരിച്ചെത്തിച്ച അര്‍ജുനനെ ബന്ധുക്കളുടെ സാനിധ്യത്തില്‍ തുടര്‍ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.