മലയാളികൾക്ക് ഇനി 15 സംസ്ഥാനങ്ങളില്‍ നിന്നും റേഷൻ വാങ്ങാം

സമാനരീതിയില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് കേരളത്തില്‍ നിന്നും റേഷന്‍ വാങ്ങാനാകും.

Update: 2020-05-04 08:30 GMT

തിരുവനന്തപുരം: രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ നിന്നുകൂടി മലയാളികള്‍ക്ക് ഇനി റേഷന്‍ വാങ്ങാം. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ത്രിപുര, ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് റേഷന്‍ വാങ്ങാനവസരം. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് കൂടുതല്‍ സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നേരത്തേ റേഷന്‍ വാങ്ങാമായിരുന്നു. ഇതിനോടൊപ്പമാണ് പതിനൊന്ന് സംസ്ഥാനങ്ങളെക്കൂടി കേന്ദ്രം ഉള്‍പ്പെടുത്തിയത്. ഈ 15 സംസ്ഥാനങ്ങള്‍ക്കു പുറമെ കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര-നാഗര്‍ ഹവേലി ആന്‍ഡ് ദാമന്‍-ദിയുവില്‍ നിന്നും മലയാളികള്‍ക്ക് ഇനി റേഷന്‍വാങ്ങാം.

സമാനരീതിയില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് കേരളത്തില്‍ നിന്നും റേഷന്‍ വാങ്ങാനാകും. എന്നാല്‍ ഈ ആനുകൂല്യം മുന്‍ഗണനാ വിഭാഗത്തിനും (ചുവപ്പ് കാര്‍ഡ്), എ.എ.വൈ (മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനും മാത്രമായിരിക്കും ലഭിക്കുക. പൂര്‍ണമായും ആധാര്‍ അധിഷ്ഠിതമായി വിരലടയാളം സ്വീകരിച്ചായിരിക്കും റേഷന്‍ നല്‍കുന്നത്. അതിനാല്‍ റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.

മുന്‍ഗണനേതര(വെള്ളക്കാര്‍ഡ്), മുന്‍ഗണനേതര സബ്‌സിഡി വിഭാഗ (നീലക്കാര്‍ഡ്) ങ്ങള്‍ക്ക് കേരളത്തില്‍ നിന്നുമാത്രമേ റേഷന്‍ ലഭിക്കൂ. ജോലിക്കും മറ്റുമായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് താമസം മാറി പോയവര്‍ക്കാണ് ഈ മാറ്റം ഏറ്റവും പ്രയോജനകരം. ലോക്ക് ഡൗണില്‍ വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഭക്ഷണമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. 

Tags:    

Similar News