ആറ് പ്രവേശനകവാടങ്ങളും 100ലധികം ഹെല്‍പ്പ് ഡസ്‌ക്കുകളും സജ്ജം; പുറത്തുള്ള മലയാളികള്‍ ഇന്നുമുതല്‍ എത്തും

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത ഒന്നര ലക്ഷത്തോളം പേരാണ് നാട്ടിലെത്തുക.

Update: 2020-05-04 04:15 GMT

തിരുവനന്തപുരം: കൊവിഡ് 19 ലോക്ക് ഡൗണില്‍ അന്യസംസ്ഥാനത്ത് പെട്ട് പോയ മലയാളികള്‍ ഇന്ന് മുതല്‍ നാട്ടില്‍ എത്തും. കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത ഒന്നര ലക്ഷത്തോളം പേരാണ് നാട്ടിലെത്തുക. ആറ് പ്രവേശന കവാടങ്ങളിലൂടെയാണ് മലയാളികളെ നാട്ടിലേക്ക് കടത്തിവിടുക. തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കി കുമളി, പാലക്കാട് വാളയാര്‍, വയനാട് മുത്തങ്ങ, കാസര്‍കോട് മഞ്ചേശ്വരം എന്നി അതിര്‍ത്തികളിലൂടെയാണ് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയവര്‍ എത്തുക. രാവിലെ ഏഴുമുതല്‍ വൈകിട്ട് എഴുവരെയാണ് കേരളത്തിലേത്ത് പ്രവേശിക്കാനുള്ള സമയം. മുത്തങ്ങയില്‍ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാകാത്തത് കാരണം നടപടി വൈകുമെന്ന സൂചനയുണ്ട്. ആരോഗ്യ പരിശോധന, വാഹനങ്ങള്‍ അണുമുക്തമാക്കല്‍ തുടങ്ങിയ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ആളുകളെ കടത്തിവിടുക.

രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ ക്വാറന്റൈനിലാക്കും. ഇവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കും. വാഹനങ്ങളില്‍ എത്ര പേര്‍ക്ക് യാത്ര ചെയ്യാമെന്നതിനുള്‍പ്പെടെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റില്‍ നൂറ് ഹെല്‍പ്പ് ഡെസ്‌കുകകളാണ് പുറത്തു നിന്നും വരുന്നവരെ പരിശോധിക്കാനായി സജ്ജമായത്. ഈ രീതിയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് വാളയാറും ആര്യങ്കാവും അമരവിളയും കുമളിയും അടക്കം സംസ്ഥാനത്തെ പ്രധാന അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളിലെല്ലാം സജ്ജമാക്കിയിരിക്കുന്നത്. 

Tags:    

Similar News